ബഹളത്തിന് അയവില്ല; 19-ാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ 19-ാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹളത്തില്‍ മുങ്ങി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രയില്‍ നിന്നുള്ള വിവിധ കക്ഷികളും കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗങ്ങളും ഉയര്‍ത്തുന്ന പ്രതിഷേധത്തിനു പുറമെ, ദലിത് പ്രക്ഷോഭവും ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിഷയങ്ങളും ഇന്ന് ഉയര്‍ന്നു.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് അകത്തും പുറത്തും അണ്ണാ ഡി.എം.കെ അംഗങ്ങള്‍ പ്രതിഷേധിച്ചു. ദലിത് പ്രക്ഷോഭകര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പ്പ് പാര്‍ലമെന്റ് അപലപിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ അംഗങ്ങള്‍ സഭ സമ്മേളിക്കുന്നതിന് മുന്‍പ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.
ഇറാഖില്‍ കൊല്ലപ്പെട്ട 39 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ലമെന്റിനുള്ളിലും പുറത്തും പ്രതിഷേധിച്ചു.
ബഹളത്തിനിടെ ദലിത് പ്രക്ഷോഭ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പ്രസ്താവന നടത്തി. എസ്.സി, എസ്.ടി ആക്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുനപരിശോധന ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ബന്ദിന്റെ പശ്ചാതലത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തു സമാധാനവും സാഹോദര്യവും തിരിച്ചുകൊണ്ടുവരാന്‍ എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്ന് രാജ്‌നാഥ് അഭ്യര്‍ഥിച്ചു.
കേന്ദ്ര സര്‍ക്കാര്‍ എസ്.സി, എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തുകയാണെന്നും വിഷയത്തില്‍ സഭയില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ആര്‍.ജെ.ഡിയിലെ മനോജ് കുമാര്‍ ഝാ, ടി.ഡി.പിയിലെ സി.എം രമേഷ് എന്നിവര്‍ ഇന്നലെ രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."