ബി.ജെ.പിയെ പ്രതിരോധിക്കാന്‍ തുറന്ന കത്തുമായി സി.പി.എം
കണ്ണൂര്‍: കീഴാറ്റൂര്‍ സമരം ഏറ്റെടുത്ത് ബി.ജെ.പിയുടെ പ്രക്ഷോഭപരിപാടികള്‍ പുരോഗമിക്കുന്നതിനിടെ പുതിയ പ്രതിരോധ തന്ത്രങ്ങളുമായി സി.പി.എം രംഗത്ത്. തുറന്ന കത്തിലൂടെയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കീഴാറ്റൂര്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടുകളെ ന്യായീകരിക്കുന്നത്.
ഇന്നലെ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍നിന്ന് കണ്ണൂരിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് പി. ജയരാജന്‍ തുറന്നകത്ത് പുറത്തുവിട്ടത്. കത്തില്‍ ബി.ജെ.പി, യു.ഡി.എഫ്, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ച ജയരാജന്‍ സമരക്കാര്‍ക്കുനേരെ ഒന്‍പതോളം ചോദ്യങ്ങളും ഉന്നയിച്ചു.
കണ്ണൂര്‍ ബൈപാസിന്റെ കടാങ്കോട് ഭാഗത്ത് റോഡ് വാരംവയല്‍ വഴിയാക്കാന്‍ ഇടപെട്ടത് കീഴാറ്റൂരില്‍നിന്ന് മാര്‍ച്ച് നടത്തിയ അതേ ബി.ജെ.പി നേതാവല്ലേയെന്ന് ചോദിച്ച ജയരാജന്‍ കേരളത്തില്‍ എല്ലായിടത്തും പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ബൈപ്പാസുകള്‍ക്ക് പകരം എലിവേറ്റഡ് ഹൈവേ മതിയെന്ന് ബി.ജെ.പി പറയുമോയെന്നും ചോദിക്കുന്നു. സമരക്കാര്‍ മാര്‍ച്ച് നടത്തേണ്ടത് കണ്ണൂരിലേക്കല്ല ഡല്‍ഹിയിലേക്കാണെന്നും ജയരാജന്‍ പറഞ്ഞു.
കീഴാറ്റൂര്‍ സമരത്തോടുള്ള യു.ഡി.എഫ് നിലപാടെന്താണെന്നും കത്തില്‍ ചോദിക്കുന്നുണ്ട്. കീഴാറ്റൂര്‍ വിഷയത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടിനെയും സി.പി.എം തള്ളിക്കളഞ്ഞു. ജനകീയ ശാസ്ത്ര പ്രസ്ഥാനം എന്ന നിലക്ക് അംഗീകാരം നേടിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങളോട് യോജിക്കാനാവില്ല.
കീഴാറ്റൂര്‍ സമരത്തിന്റെ ഭാഗമായി രൂപപ്പെട്ട സി.പി.എം വിരുദ്ധ മഹാസഖ്യം ജനവിരുദ്ധ രാഷ്ട്രീയമാണെന്നു പരിഷത്ത് തിരിച്ചറിയണമെന്നും സി.പി.എം ആവശ്യപ്പെടുന്നു.
ബൈപാസുകളെ സംബന്ധിച്ചുള്ള വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിയത് യു.ഡി.എഫ് ഭരണകാലത്താണ്. അതിനാല്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തളിപ്പറമ്പ് ബൈപ്പാസ് ഉള്‍പ്പടെയുള്ളവര്‍ നാഷണല്‍ ഹൈവേ വികസനം സംബന്ധിച്ച് തങ്ങളുടെ നിലപാട് തുറന്ന് പറയണമെന്നും കത്തില്‍ അഭിപ്രായപ്പെടുന്നു.
മാവോയിസ്റ്റുകളും, ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ഫ്രണ്ടും ആര്‍.എസ്.എസുകാരും ഒറ്റമനസ്സോടെ സി.പി.എം വിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. അതില്‍ തെറ്റിദ്ധരിക്കപ്പെട്ടവരും പരിസ്ഥിതി മൗലികവാദികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. സര്‍വേ പൂര്‍ത്തിയായതോടെ സമരക്കാര്‍ കെട്ടിപ്പൊക്കിയ നുണകള്‍ പൊളിഞ്ഞെന്നും എല്‍.ഡി.എഫ് വിരുദ്ധ രാഷ്ട്രീയക്കാരുടെ സമരത്തിന് ഇനി ഭാവിയില്ലെന്ന് വ്യക്തമായതായും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."