കൊല്ലപ്പെട്ട രണ്ട് ബിഹാര്‍ സ്വദേശികളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു
പട്‌ന: ഇറാഖിലെ മൗസിലില്‍ കൊല്ലപ്പെട്ട അഞ്ച് ബിഹാര്‍ സ്വദേശികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. സിവാന്‍ ജില്ലക്കാരായ അദാലത്ത് സിങ്, സുനില്‍കുമാര്‍ എന്നിവരുടെ ബന്ധുക്കളാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചത്. ഐ.എസ് കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ അഞ്ചുപേര്‍ ബിഹാറുകാരാണ്.
പ്രശ്‌നം സങ്കീര്‍ണമായതോടെ സിവാന്‍ ജില്ലാ മജിസ്‌ട്രേറ്റ് മഹേന്ദ്രകുമാര്‍ സ്ഥലത്തെത്തി ബന്ധുക്കളുമായി സംസാരിക്കുകയും ആവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
അതിനിടയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി പാര്‍ലമെന്റിന് മുന്‍പില്‍ പ്രതിഷേധിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട പഞ്ചാബ് സ്വദേശികളുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തന്നെ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇവരുടെ ബന്ധുക്കളിലൊരാള്‍ക്ക് ജോലിയും നല്‍കുമെന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു അറിയിച്ചിരുന്നു.
അതേസമയം ഇറാഖിലെ മൗസിലില്‍ കൊല്ലപ്പെട്ട 39 ഇന്ത്യക്കാര്‍ അനധികൃതമായിട്ടാണ് ആ രാജ്യത്ത് കുടിയേറിയതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.കെ സിങ്് പറഞ്ഞത് വലിയ പ്രതിഷേധത്തിന് വഴിവച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കണമെന്ന ആവശ്യത്തോടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. എല്ലാ ഇന്ത്യക്കാരും വിദേശത്തേക്ക് പോകുമ്പോള്‍ അത് നിയമപരമായിട്ടാവണമെന്നും കൃത്യമായ പരിശീലനത്തോടെ വേണം വിദേശത്തേക്ക് പോകാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തില്‍ ഇവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."