50,000ത്തിലധികം രൂപ വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
തൃശൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ചാക്കുകെട്ടുകള്‍ തൃശൂരില്‍ നിന്ന് കേരള റെയില്‍വെ പൊലിസ് പിടികൂടി. മതിപ്പു വില 50,000ത്തിലധികം രൂപ വരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പൊലിസ് പിടിച്ചെടുത്തത്. പാഴ്‌സല്‍ ഓഫിസിനു മുന്നില്‍ നിന്നാണ് ചാക്കുകെട്ടുകളിലായി ഇവ പിടികൂടിയത്. രാവിലെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ കെട്ടുകളില്‍ പരിശോധന നടത്തിയപ്പോഴാണ് പുകയില കണ്ടെത്തിയത്.
ഈ വര്‍ഷം മാത്രം ഇതു രണ്ടാം തവണയാണ് ഇത്രയധികം പാഴ്‌സല്‍ പുകയില പൊലിസ് പിടിച്ചെടുക്കുന്നത്. വ്യാജ മേല്‍വിലാസത്തില്‍ അയച്ചിരിക്കുന്നതിനാല്‍ പ്രതിയെ കണ്ടെത്താനായിട്ടില്ല. ഉത്തരേന്ത്യന്‍ സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. പിടിച്ചെടുത്ത പുകയിലയില്‍ ബാവ്‌ല ടുബാക്കോ, ചേതന, ബാബാ ബ്ലാക്ക്, രൂപ, നാക് ടുബാകോ, തുടങ്ങിയ ഒന്‍പതു തരം പുകയില ഉല്‍പന്നങ്ങളാണ് ഇത്തവണ പിടികൂടിയത്. പിടിച്ചെടുത്തവയുടെ മൂല്യം 50,000രൂപയാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും വിപണിയിലെത്തുമ്പോള്‍ അഞ്ചിരട്ടി വരെ വില ഈടാക്കിയാണ് വില്‍ക്കാറുള്ളതെന്നും പൊലിസ് പറയുന്നു.
ഇത്തരത്തില്‍ അനധികൃതമായി എത്തിക്കുന്ന പാഴ്‌സല്‍ പുകയില ഉല്‍പന്നങ്ങള്‍ ആരുമറിയാതെ കടത്തുന്നതിനായി പ്രത്യേക കണ്ണികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലിസ് പറയുന്നു. പൊലിസ് വിവരമറിഞ്ഞെന്നു മനസിലാവുന്നതോടെ ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കുന്നതാണ് പതിവ്. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത പുകയില കടത്തിയത് ചെന്നൈ വണ്ടിയിലാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
രാവിലെ 11ഓടെ മണം പുറത്തേക്കു വമിച്ചിരുന്ന പാഴ്‌സലുകള്‍ പരിശോധിച്ചപ്പോളാണ് പുകയില കണ്ടെത്തിയത്. കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങള്‍ക്കു നിരോധനമില്ലാത്തതിനാല്‍ മംഗലാപുരം വഴി കടത്തുന്നതായിരുന്നു സജീവം.
എന്നാല്‍ പരിശോധന കര്‍ശനമാക്കിയതോടെ പാഴ്‌സലുകള്‍ ചെന്നൈയിലൂടെയും മറ്റും കടത്താന്‍ തുടങ്ങിയിരിക്കുകയാണ്.
കടത്തല്‍ വിവരത്തെക്കുറിച്ചു സൂചന ലഭിക്കുന്ന പൊലിസ് പരിശോധന കര്‍ശനമാക്കിയാല്‍ വണ്ടിയും സ്ഥലവും മാറ്റിയായിരിക്കും കടത്തല്‍. എ.എസ്.ഐ സോമന്‍, അജിത്ത് കുമാര്‍, സീനിയര്‍ സി.പി.ഒ ഷാബു, സി.പി.ഒമാരായ നെല്‍സന്‍ മാത്യു, വിജയന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞ ജനുവരി നാലിനും പുകയില ഉല്‍പന്നങ്ങളുടെ ശേഖരം റെയില്‍വെ പൊലിസ് പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."