കൊട്ടിയത്തെ കിണറുകളില്‍ മലിനജലം; യു.ഡി.എഫ് സമരത്തിലേക്ക്
കൊട്ടിയം: കിണറുകളില്‍ ഇന്ധനം കലര്‍ന്ന മലിനജലം നിറഞ്ഞതോടെ കുടിവെള്ളം മുട്ടിയ വീട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലേക്ക്.
കൊട്ടിയം പറക്കുളത്തെ നിരവധി കിണറുകളാണ് മലിനജലം നിറഞ്ഞ് ഉപയോഗശൂന്യമായിട്ടുള്ളത്.
പ്രശ്‌നം പരിഹരിക്കുന്നതില്‍ മയ്യനാട് പഞ്ചായത്തധികൃതര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നത്. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മയ്യനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10ന് പഞ്ചായത്ത് ഓഫിസ് ഉപരോധവും ധര്‍ണയും നടക്കും.സംഭവം പഞ്ചായത്തധികൃതരുടേയും മറ്റധികാരികളുടേയും ശ്രദ്ധയില്‍പ്പെടുത്തി മാസങ്ങളായിട്ടും നടപടിയില്ലാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
ദുരിതബാധിതരായ വീട്ടുകാര്‍ക്ക് കുറച്ച് ദിവസം പഞ്ചായത്ത് ടാങ്കറില്‍ കുടിവെള്ളം എത്തിച്ച് നല്‍കിയിരുന്നു. നിലവില്‍ ഇത് മുടങ്ങിയിരിക്കുകയാണ്. ഇതോടെ വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണിവര്‍.
ജനപ്രതിനിധികളടക്കം പലരും സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയതല്ലാതെ കിണറുകളിലെ ഇന്ധന സാന്നിധ്യം ഇല്ലാതാക്കുന്നതിനുള്ള ശാശ്വത നടപടികള്‍ ഉണ്ടായിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡും കാര്യമായ പരിശോധനകള്‍ ഒന്നും തന്നെ നടത്താന്‍ തയ്യാറായില്ല.
കിണറുകളിലെ ജലത്തില്‍ ഇന്ധനം കലരുന്നതെങ്ങനെയെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സമീപത്തെ പെട്രോള്‍ പമ്പ് അടച്ചിട്ട് പരിശോധന നടത്തിയിട്ടും കാര്യമുണ്ടായില്ല.
കിണറില്‍ നിന്നു ലഭിക്കുന്ന ജലത്തില്‍ 80 ശതമാനം ഡീസലാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊട്ടിയം ജങ്ഷനില്‍ നിന്നാരംഭിക്കുന്ന ഓടയിലെ മലിനജലം ഒഴുകിയെത്തുന്നതും ഈ പ്രദേശത്തേക്കാണ്. ദേശീയ പാതയില്‍ പ്രവര്‍ത്തിക്കുന്ന വാഹന സര്‍വിസിങ് കേന്ദ്രങ്ങളിലെ ഇന്ധനം കലര്‍ന്ന ജലവും ഓടയിലൂടെ ഒഴുകിയെത്തുന്നുണ്ട്.
മലിനജലം ഓടയിലൂടെ ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കൊട്ടിയത്തെ മലിനജല വിഷയത്തിലും മാലിന്യ നിര്‍മാര്‍ജന കാര്യങ്ങളിലും പഞ്ചായത്ത് കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് യു.ഡി.എഫ് ഭാരവാഹികള്‍ പറഞ്ഞു. പ്രദേശത്തെ വീട്ടുകാര്‍ക്ക് ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി സര്‍ക്കാര്‍ ചെലവില്‍ പൈപ്പ് ജലം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യു.ഡി.എഫ് ചെയര്‍മാന്‍ ഡി.വി ഷിബു, കണ്‍വീനര്‍ സുധീര്‍ കിടങ്ങില്‍, പഞ്ചായത്തംഗങ്ങളായ എം.നാസര്‍, അനീഷ സലിം, ലീന ലോറന്‍സ്, ജി.വേണു, സി.കെ അജയകുമാര്‍, കൊട്ടിയം ഫസലുദ്ദീന്‍, മോഹനന്‍, അന്‍വര്‍, പി.കെ രാജു, കെ.നാസര്‍, ഡെന്‍സില്‍, ലിസ്റ്റന്‍, അനസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."