ജില്ലയില്‍ കുടിവെള്ള വിതരണത്തിന് 297 കോടി
മാവൂര്‍: വാട്ടര്‍ അതോറിറ്റിക്കു കീഴിലെ കൂളിമാട് പമ്പിങ് സ്റ്റേഷന് ഉപയോഗപ്പെടുത്തി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കുടിവെള്ളമെത്തിക്കാന്‍ പദ്ധതിയുള്ളതായി ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നിയമസഭയെ അറിയിച്ചു. പ്രസ്തുത പദ്ധതിക്ക് 297 കോടി രൂപയാണ് കണക്കാക്കുന്നതെന്ന് പി.ടി.എ റഹീം എ.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ചാത്തമംഗലം, മാവൂര്‍, കൊടിയത്തൂര്‍, കാരശ്ശേരി, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ എന്നീ പഞ്ചായത്തുകളെയും മുക്കം, കൊടുവള്ളി മുനിസിപ്പാലിറ്റികളെയുമാണ് പദ്ധതിക്കു കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയിലും കാരശ്ശേരി പഞ്ചായത്തിലെ എള്ളങ്ങളിലും ജലസംഭരണികള്‍ നിര്‍മിക്കും. കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്ന് പ്രസ്തുത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള മുഴുവന്‍ പ്രദേശങ്ങളിലേക്കും ജലവിതരണ ശൃംഖലകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കൊടുവള്ളി മുനിസിപ്പാലിറ്റി, കിഴക്കോത്ത്, മടവൂര്‍, ഓമശ്ശേരി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാന്‍ ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയിലെ ടാങ്ക് ഉപയോഗപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."