കാവേരി തര്‍ക്കം; നീലഗിരിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
ഗൂഡല്ലൂര്‍: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ തമിഴ്നാട് വ്യവസായി, വ്യാപാരി സംഘം സംയുക്ത സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ നീലഗിരി ജില്ലയില്‍ പൂര്‍ണം.
കാവേരി മാനേജമെന്റ് ബോര്‍ഡ് വേണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യത്തിനോട് നിഷേധാത്മക നിലപാട് തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. ഇന്നലെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
എന്നാല്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ഗ്രാമപ്രദേശങ്ങളില്‍ ഹാര്‍ത്താല്‍ ഭാഗികമായിരുന്നു. തമിഴ്നാട്, കേരള, കര്‍ണാടക സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ തീരെ കുറവായിരുന്നു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ മറ്റു ടാക്സി വാഹനങ്ങളും കാര്യമായി നിരത്തിലിറങ്ങിയിരുന്നില്ല.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നതോടെ ഊട്ടിയിലെത്തിയ വിനോദസഞ്ചാരികള്‍ ദുരിതത്തിലായി. ഹര്‍ത്താലിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."