കന്റോണ്‍മെന്റും വ്യാപാരികളും നേര്‍ക്കുനേര്‍
കണ്ണൂര്‍: കന്റോണ്‍മെന്റിന്റെ അധികാര പരിധിയിലുള്ള കടകള്‍ വീണ്ടും ലേലം നടത്തുന്നതില്‍ പ്രതിഷേധിച്ച് കന്റോണ്‍മെന്റിനു മുന്നില്‍ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണക്കിടെ പൊലിസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ രാജേന്ദ്രന്‍, കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ. കമറുദ്ദീന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവരും ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. ഇന്നലെ രാവിലെ പത്തോടെയാണ് കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡ് ഓഫിസിനു മുന്നിലേക്ക് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ഇതിനുപിന്നാലെ കന്റോണ്‍മെന്റ് പരിധിയിലെ കടകള്‍ ലേലം നടത്തുന്നതിനു മുന്നോടിയായി കന്റോണ്‍മെന്റ് അധികൃതര്‍ സി.ഇ.ഒയുടെ നേതൃത്വത്തില്‍ കടകള്‍ക്കു മുന്നില്‍ വച്ച് മൂന്നുതവണ ചട്ടപ്രകാരം അനൗണ്‍സ്‌മെന്റ് നടത്തി തിരിച്ചുപോകുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഹൈക്കോടതി ഉത്തരവ് പ്രകാരം അഞ്ചിന് ലേലം നടത്തുമെന്നും മുറി കാലിയാക്കാനുള്ള നോട്ടിസ് പ്രകാരം കടമുറികള്‍ കാലിയാക്കണമെന്നും വ്യക്തമാക്കാനായിരുന്നു കടകള്‍ക്കു മുന്നിലും കന്റോണ്‍മെന്റ് ബോര്‍ഡ് ഓഫിസിനു മുന്നിലും അനൗണ്‍സ്‌മെന്റ് നടത്തിയത്. അനൗണ്‍സ്‌മെന്റിനു ശേഷം തിരിച്ചുപോകുകയായിരുന്ന അധികൃതരുടെ വാഹനത്തിനു മുന്നില്‍ പ്രതിഷേധിച്ചവരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ ഉന്തുംതള്ളും ഉണ്ടായി. പൊലിസിന്റെ ബലപ്രയോഗത്തില്‍ പ്രതിഷേധിച്ച് അല്‍പസമയം പ്രതിഷേധക്കാര്‍ ജില്ലാ ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചു. ഇവരെ പൊലിസ് പിന്നീട് നീക്കി.
സമാധാനപരമായി നടന്ന പ്രതിഷേധത്തിനിടെ ചിലര്‍ പൊലിസിനെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് സിറ്റി സി.ഐ കെ.വി പ്രമോദ് പറഞ്ഞു. എന്നാല്‍ പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലിസ് മോശം പദപ്രയോഗം നടത്തി അപമാനിച്ചതായും പലരെയും കൈയേറ്റം ചെയ്തതായും സമരക്കാര്‍ ആരോപിച്ചു. കന്റോണ്‍മെന്റ് ബോര്‍ഡ് ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് കെ.വി സലീം അധ്യക്ഷനായി. വിവിധരാഷ്ട്രീയ കക്ഷികളെയും സംഘടനകളെയും പ്രതിനിധീകരിച്ച് കെ. സുരേന്ദ്രന്‍, കെ.പി താഹിര്‍, വി. ഗോപിനാഥ്, ഭൂപേഷ്, ജയരാജന്‍, കന്റോണ്‍മെന്റ് വൈസ് പ്രസിഡന്റ് റിട്ട. കേണല്‍ പത്മനാഭന്‍, കന്റോണ്‍മെന്റ് ബോര്‍ഡ് അംഗങ്ങളായ ജനപ്രതിനിധികള്‍ സംസാരിച്ചു.
വൈകുന്നേരം കന്റോണ്‍മെന്റ് പരിധിയിലെ കടയുടമകള്‍ വീണ്ടും യോഗം ചേര്‍ന്ന് തുടര്‍സമരങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. രാഷ്ട്രീയ കക്ഷി നേതാക്കന്മാരെ ഉള്‍പ്പെടുത്തി സമരസമിതി രൂപീകരിക്കും. അതിനിടെ കന്റോണ്‍മെന്റ് പരിധിയിലെ കടകള്‍ ലേലം നടത്തരുതെന്നാവശ്യപ്പെട്ട് കടയുടമകള്‍ അടിയന്തിരമായി നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുമെന്നാണ് സൂചന. ഹൈക്കോടതി ലേലം നടത്തുന്നതിന് സ്‌റ്റേ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."