എന്‍ഡോസള്‍ഫാന്‍: സമരമല്ലാതെ മാര്‍ഗമില്ലെന്ന് അമ്മമാരുടെ പ്രഖ്യാപനം
സ്വന്തം ലേഖകന്‍
കാസര്‍കോട്: നിരവധി സമരങ്ങള്‍ നടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളും അമ്മമാരും ദുരിതകാലത്തും സമരമുഖത്തു തന്നെ. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്താനിരുന്ന നിരാഹാരസമരം മാറ്റിവെച്ച സാഹചര്യം വിശദമാക്കുന്നതിനു വേണ്ടി ഇന്നലെ എന്‍ഡോസള്‍ഫാന്‍ ഇരകളും അമ്മമാരും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരചുവട്ടില്‍ 'അമ്മമാര്‍ക്കും പറയാനുണ്ട് ' പരിപാടി സംഘടിപ്പിച്ചു. സമരങ്ങളുടെ വേലിയേറ്റം നടത്തിയിട്ടും ഇനിയും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരമില്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് അമ്മമാര്‍ പ്രഖ്യാപിച്ചു.
ഇപ്പോഴത്തെ പിന്മാറ്റം താല്‍ക്കാലികം മാത്രമാണെന്നും പ്രഖ്യാപിച്ച ആവശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ശക്തമായ സമരം തുടരുമെന്നും അമ്മമാര്‍ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ഇരകളുമായി നൂറോളം അമ്മമാര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിസ്ഥിതി സാമൂഹ്യപ്രവര്‍ത്തക ദയാഭായി ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി മുനീസ അമ്പലത്തറ അധ്യക്ഷയായി. പ്രസിഡന്റ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്, ഫാദര്‍ ജോസ്, സീതാദേവി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഗോവിന്ദന്‍ കയ്യൂര്‍, ടി. ശോഭന, ജുബീനാ ഇര്‍ഷാദ്, ചോമ്പാല പ്രേമചന്ദ്രന്‍, ശിവകുമാര്‍ സംസാരിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്താനിരുന്ന നിരാഹാരസമരം മാറ്റിവച്ചതു കൊണ്ടു സമരത്തില്‍നിന്നു പിന്മാറിയെന്ന് അര്‍ഥമില്ലെന്ന് സമരസമിതി നേതാവ് മൂനീസ അമ്പലത്തറ പറഞ്ഞു. ചില ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ സമരം തല്‍ക്കാലം മാറ്റിവച്ചു. പുനരധിവാസം ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങളുന്നയിച്ചു ശക്തമായി സമരം മുന്നോട്ട് കൊണ്ടുപോവുമെന്നും ഇപ്പോഴത്തെ പിന്മാറ്റം താല്‍ക്കാലികം മാത്രമാണെന്നും മുനീസ അമ്പലത്തറ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും കുടുംബത്തിനും വാക്കുകള്‍ കൊണ്ടുള്ള ആശ്വാസം മാത്രം പോരെന്ന് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. കുട്ടികളുടെ സങ്കടങ്ങള്‍ക്കു നേരെ കണ്ണടക്കരുത്. വാക്കുകള്‍ കൊണ്ടുള്ള ആശ്വാസത്തിനപ്പുറം പ്രവൃത്തിയിലൂടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കണ്ണീരൊപ്പണമെന്നും അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ പാക്കേജിനായി ബജറ്റില്‍ 50 ലക്ഷം നീക്കിവെക്കുകയും മൂന്നു ലക്ഷംവരേയുള്ള കടങ്ങള്‍ എഴുതി തള്ളുകയും ചെയ്യുമെന്ന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അമ്മമാര്‍ പറഞ്ഞു.
എന്നാല്‍ ഇരകളുടെ ചികിത്സ, പുനരധിവാസം, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കല്‍ തുടങ്ങിയ നടപടികളെല്ലാം പാതിവഴിയിലാണെന്നും സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."