അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ'അമ്മക്കിളിക്കൂട് ' ഇരുപത്തിയേഴിലെത്തി
നെടുമ്പാശ്ശേരി: സ്വന്തമായി വീടില്ലാത്ത നിര്‍ധനരായ വിധവകള്‍ക്ക് വീടൊരുക്കുക എന്ന ലക്ഷ്യവുമായി അന്‍വര്‍ സാദത്ത് എം.എല്‍.എ നടപ്പാക്കുന്ന 'അമ്മക്കിളിക്കൂട് ' പദ്ധതിയില്‍ ഇരുപത്തി ഏഴാമത്തെ വീടിന്റെ ശിലാസ്ഥാപന കര്‍മം നടന്നു.
സ്വന്തമായി ഭൂമിയുണ്ടായിട്ടും അതില്‍ ഒരു ഭവനം നിര്‍മ്മിക്കുവാന്‍ നിര്‍വാഹമില്ലാതെ വാടകവീടുകളിലും, കൂരകളിലും താമസിക്കുന്ന വിധവകളായ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും അന്തിയുറങ്ങുവാന്‍ ഒരു ഭവനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.സുമനസുകളായ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചെങ്ങമനാട് പഞ്ചായത്തിലെ 14 ാം വാര്‍ഡായ പുറയാറില്‍ താമസിക്കുന്ന രണ്ടുകുട്ടികളുടെ മാതാവായ കെ.പി ലത്തീഫ എന്ന വിധവയ്ക്ക് വേണ്ടിയാണ് 27ാമത്തെ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. റസാക്ക് തേമ്പാടന്‍, വി.പി ഷിയാദ് എന്നിവരാണ് ഈ വീടിന്റെ സ്‌പോണ്‍സര്‍മാര്‍.
അന്‍വര്‍ സാദത്ത് എം.എല്‍.എ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് മെമ്പര്‍ സരള മോഹനന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ഗംഗാധരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് മഠത്തിമൂല, മുന്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ എം.ജെ ജോമി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുമ ഷാജി, അബ്ദുള്‍ ഖാദര്‍, ജെര്‍ളി കപ്പ്രശ്ശേരി, പി.എന്‍ സിന്ധു, അഡ്വ.പി.ബി സുനീര്‍, സി.കെ അമീര്‍, ഷംസു പുറയാര്‍,അബ്ദു, സെയ്ത് കുഞ്ഞ്, എം.ഇ പരീത്, ദാസന്‍ പുറയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 510 ചതുരശ്ര അടിയില്‍ ആണ് ഈ ഭവനം നിര്‍മിക്കുന്നത്. ഈ പദ്ധതിയിലെ പണി പൂര്‍ത്തിയായ 10 ഭവനങ്ങള്‍ കൈമാറുകയും മറ്റു 16 ഭവനങ്ങള്‍ ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂര്‍ണ്ണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളിലായി നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."