ഊഞ്ഞാപ്പാറ കനാലില്‍ നീന്താന്‍ യുവാക്കളുടെ വന്‍ തിരക്ക്: പ്രദേശവാസികള്‍ പരാതിയുമായി രംഗത്ത്
കോതമംഗലം: അവധിക്കാലത്ത് നീന്താനും നീരാട്ടിനും പ്രശസ്തമായ ഊഞ്ഞാപ്പാറ നീര്‍പ്പാലത്തിലേക്ക് വന്‍ ജനപ്രവാഹം. എന്നാല്‍ ജനബാഹുല്യത്തില്‍ വീര്‍പ്പുമുട്ടിയ പ്രദേശവാസികള്‍ പരാതിയുമായി രംഗത്ത്. കോതമംഗലത്ത് കീരംപാറ ഗ്രാമപഞ്ചായത്തില്‍ ഊഞ്ഞാപ്പാറയിലാണ് ആയിരങ്ങളെ ആകര്‍ഷിക്കുന്ന നീര്‍പ്പാല നീരാട്ട് അരങ്ങേറുന്നത്.
അപകടരഹിതമായ ചുറ്റുപാടില്‍ കുളിര്‍മയുള്ള ശുദ്ധ ജലത്തില്‍ കുളിച്ച് തിമിര്‍ക്കാന്‍ ഇതിലും പറ്റിയ മറ്റൊരിടമില്ല. ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്ന് വാട്ടര്‍ അതോറിറ്റിയുടെ കോതമംഗലത്തെ ജലസംഭരണിയിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ പാച്ചിറ ഭാഗത്തെ അക്വഡേറ്റിലാണിപ്പോള്‍ കുളിക്കാനായി യുവാക്കളുടെ തിരക്ക്. സമീപകാലത്തു വരെ പ്രദേശ വാസികള്‍ പോലും തിരിഞ്ഞു നോക്കാതിരുന്ന ഇവിടേക്ക് മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരെ ആയിരങ്ങളാണ് കുളിക്കാനെത്തുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഭൂതത്താന്‍കെട്ട്, തട്ടേക്കാട്, ഇടമലയാര്‍, തുടങ്ങിയ പ്രദേശങ്ങള്‍ ഊഞ്ഞാപ്പാറക്ക് അടുത്തുള്ളതും യുവാക്കള്‍ സംഘമായി ഇങ്ങോട്ടെത്തുന്നതിന് പ്രധാന കാരണമാണ്. കുളി പ്രേമികളുടെ എണ്ണം വര്‍ധിച്ചതോടെ നിരവധി കച്ചവട സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ 1962 കാലഘട്ടത്തില്‍, കുടി വെള്ളത്തിനും കൃഷി ആവശ്യത്തിനുമായി നിര്‍മിച്ച ഈ നീര്‍പ്പാലം ബലക്ഷയം മൂലം തകര്‍ച്ചാഭീഷണിയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അക്വഡേറ്റ് തകര്‍ന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ കുടിവെള്ള ക്ഷാമം മൂലം ദുരിതമനുഭവിക്കേണ്ടി വരുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ആയിരക്കണക്കിന് യുവാക്കള്‍ ദിവസേന പല സംഘങ്ങളായി എത്തുന്നതും ഇവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു മൂലമുള്ള ഗതാഗത പ്രശ്‌നങ്ങളും ഇവര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളും നാട്ടുകാരുടെ സ്വസ്ഥജീവിതം തകര്‍ക്കുന്നുവെന്നുമാണ് നാട്ടുകാരുടെ പരാതി. ഇതോടെപ്പം നിരവധിയാളുകള്‍ നിത്യവും കുളിക്കുന്നതിനാല്‍ വെള്ളവും മലിനമാകുന്നു. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പെരിയാര്‍വാലി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ഊഞ്ഞാപ്പാറ പാച്ചിറ അക്വഡേറ്റ് കനാല്‍ ജലസംരക്ഷണ ജനകീയ സമിതി ഭീമ ഹരജി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."