കോടികള്‍ വാരിയെറിഞ്ഞ് വോട്ട് തട്ടാനുള്ള ബി.ജെ.പി ശ്രമം വിലപ്പോവില്ലെന്ന് സി.പി.എം
ചെങ്ങന്നൂര്‍ : കോടികള്‍ വാരിയെറിഞ്ഞ് വോട്ട് തട്ടാനുള്ള ബി.ജെ.പി ശ്രമം വിലപ്പോവില്ലെന്നും ജനാധിപത്യത്തെ വിലക്കെടുക്കാനുള്ള നടപടി കാടത്തവും ചെങ്ങന്നൂരിലെ വോട്ടര്‍മാരെ അപമാനിക്കലുമാണെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ ചെങ്ങന്നൂരില്‍ പറഞ്ഞു.
ത്രിപുര തെരഞ്ഞെടുപ്പിനുശേഷം ഇടതുപക്ഷത്തെ തോല്‍പ്പിക്കാമെന്ന് വീമ്പിളക്കുന്ന ബി.ജെ.പി 'ത്രിപുര പതിപ്പാണ്' ചെങ്ങന്നൂരിലും പയറ്റാന്‍ നോക്കുന്നത്. 'നമുക്കും മാറാം' എന്നാണ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പോസ്റ്ററിലെ പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഈ വാക്യം തന്നെ ത്രിപുര തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായതാണ്.
വോട്ടര്‍മാരെ പണം നല്‍കി മാറ്റിയെടുക്കാന്‍ സംഘപരിവാര സംഘടനകളുടെ പേരുകളില്‍ നിരവധിയാളുകള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്. അതില്‍ ഒരാള്‍ മാത്രമാണ് കഴിഞ്ഞ ദിവസം അങ്ങാടിക്കല്‍ മലയില്‍ പണം വിതരണം ചെയ്ത അരവിന്ദാക്ഷന്‍ പിള്ള എന്ന കെ.എ പിള്ള. വോട്ടിനായി പണം വീട്ടില്‍ കൊണ്ടുവന്ന് തന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ജനാധിപത്യം വിനിയോഗിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ അട്ടിമറിക്കാനായി കോടികള്‍ വാരിയെറിഞ്ഞുള്ള ബി.ജെ.പി ശ്രമം ചെങ്ങന്നൂരില്‍ വിലപ്പോവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."