പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
തൊടുപുഴ: നഗരമധ്യത്തില്‍ മാര്‍ക്കറ്റ് റോഡിലെ കേരളാ സ്റ്റോഴ്‌സ് എന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ക്കടയ്ക്കും നാശനഷ്ടമുണ്ടായി. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തക്കസമയത്ത് തീ അണയ്ക്കാനായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണു സംഭവം. തൊടുപുഴ കൊമ്പനാപ്പറമ്പില്‍ റഷീദിന്റേയും റസ്‌ലിയുടേയം ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഒരു ഭാഗത്തു നിന്ന് തീ പടര്‍ന്ന് കെട്ടിടത്തിന്റെ മേല്‍ക്കൂരയെ വിഴുങ്ങുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന തട്ടുകടക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളുമാണ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തീ ആളുന്നത് കണ്ടത്. ഉടന്‍ തന്നെ പൊലിസ് കണ്‍ട്രോള്‍ റൂമിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. നിമിഷങ്ങള്‍ക്കകം അഗ്‌നിശമനസേനയെത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗാന്ധിസ്‌ക്വയറില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലിസുകാരും ഗതാഗതം നിയന്ത്രിച്ചു. കടയുടമയുടെ പിതൃസഹോദരന്‍ അബ്ദുല്‍ നാസര്‍ സാഹസികമായി കടയ്ക്കുള്ളില്‍ കടന്ന് ഫ്യൂസ് ഊരി വൈദ്യുതിബന്ധം വിച്ഛേദിച്ചു. തൊടുപുഴ, കല്ലൂര്‍ക്കാട് ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. അപ്പോഴേക്കും കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു ഫാഷന്‍ ലേഡി ചുരിദാര്‍സ് എന്ന സ്ഥാപനത്തിനകത്തേക്ക് തീ പടര്‍ന്നിരുന്നു. ഇവിടെ സൂക്ഷിച്ച വസ്ത്രങ്ങളും ഫര്‍ണിച്ചറുകളും കംപ്യൂട്ടറും കത്തി നശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം തുണിക്കടയില്‍ മാത്രം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. തീ അണക്കാനായി ശ്രമിക്കുന്നതിനിടെ വെള്ളം വീണ് പലചരക്ക് സാധനങ്ങള്‍ നശിച്ചു. ബീമിനും കേടുപാടുണ്ട്. കെട്ടിടത്തിനാകെ അഞ്ച് ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നു. അടുത്തുള്ള പുളിമൂട്ടില്‍ മെഡിക്കല്‍സിന്റെ എ.സി.പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുള്ള ചുമട്ട് തൊഴിലാളികളുടെ വിശ്രമ കേന്ദ്രത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടുത്തം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."