കള്ളനോട്ട് നിക്ഷേപം: അരുണിന്റെ ആഢംബരം ഞെട്ടിപ്പിക്കുന്നത്
പാലാ: കള്ളനോട്ട് നിര്‍മിച്ച് സി.ഡി.എമ്മില്‍ നിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ അരുണ്‍ ജോസഫിനെതിരേയും ബാങ്കില്‍ നിന്ന് അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ മാതാവ് മറിയാമ്മ സെബാസ്റ്റ്യനെതിരേയും പൊലിസ് നല്‍കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. വിലകൂടിയ കാറുകളോടുള്ള കമ്പമാണ് അരുണിനെ ലക്ഷങ്ങളുടെ കടക്കാരനാക്കിയതും ഒടുവില്‍ കള്ളനോട്ട് നിര്‍മിക്കാന്‍ പ്രേരിപ്പിച്ചതിനും പിന്നിലെന്ന് പൊലിസ് പറയുന്നു.
14 ലക്ഷം രൂപയുടെ റെനോള്‍ട്ട് ഡസ്റ്റര്‍, 10 ലക്ഷം രൂപ വിലവരുന്ന കാറുകള്‍ എന്നിവയാണ് അരുണ്‍ മാറിമാറി ഉപയോഗിച്ചിരുന്നത്. ഇവക്കെല്ലാം പണം കണ്ടെത്തിയിരുന്നത് പലിശക്കാരില്‍ നിന്ന് കടം വാങ്ങിയാണ്. ഇതിന് പുറമെ നഗരത്തിനുള്ളില്‍ നിരവധി ബാങ്കുകളില്‍ ലോണും തരപ്പെടുത്തിയെടുത്തിട്ടുണ്ട്. അടുത്തിടെ 28 ലക്ഷം രൂപ വിലവരുന്ന ഓഡി കമ്പനിയുടെ കാര്‍ ബുക്ക് ചെയ്തിരുന്നു. ബ്ലേഡിനെടുക്കുന്ന പണം തിരിമറി നടത്തിയാണ് ബിസിനസ് മുന്നോട്ട് കൊണ്ടുപോയിരുന്നത്. പലിശ കൊടുക്കാന്‍ പണമില്ലാതാകുമ്പോള്‍ കാറുകള്‍ തിരികെ കിട്ടുന്ന വിലക്ക് വില്‍ക്കും. നാലും അഞ്ചും ലക്ഷം രൂപ നഷ്ടത്തിലായിരുന്നു പല കച്ചവടങ്ങളും. എറണാകുളത്ത് നോര്‍ത്ത് ഭാഗത്ത് ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി, കംപ്യൂട്ടര്‍ സെന്റര്‍ നടത്തിയിരുന്നു. ഇവിടേക്ക് ദിനംപ്രതി കാറിലാണ് അരുണ്‍ പോയിരുന്നത്. ആയിരം രൂപയുടെ പെട്രോളും ഭക്ഷണവും ഡ്രൈവര്‍ക്കുള്ള കൂലിയും ഉള്‍പ്പെടെ 2500 രൂപയോളം ചെലവ് വരും. മാസം അറുപതിനായം രൂപ ഈവിധത്തില്‍ ധൂര്‍ത്തടിച്ചായിരുന്നു അരുണിന്റെ ജീവിതം. ആഡംബര ജീവിതമായിരുന്നു ഇയാള്‍ക്ക്. വിലകൂടിയ വസ്ത്രങ്ങള്‍, ഫോണുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നത്.
75ലക്ഷം രൂപയാണ് ധനകാര്യ സ്ഥാപനങ്ങളിലും പലിശക്കാരിലുമായി അരുണിനുള്ള കടം. 30 ലക്ഷം രൂപ പലിശയുമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷത്തോളം രൂപ പലിശ മാത്രമായി പല സ്ഥാപനങ്ങള്‍ക്കായി അടച്ചിട്ടുണ്ട്. പലിശ നല്‍കാന്‍ പണമില്ലാതായതോടെയാണ് ഇയാള്‍ കള്ളനോട്ട് നിര്‍മാണത്തിലേക്ക് തിരിഞ്ഞതെന്ന് പൊലിസ് പറയുന്നു. നിര്‍മ്മിക്കുന്ന നോട്ടുകള്‍ തൊടുപുഴ, എറണാകുളം, പാലാ എന്നിവിടങ്ങളില്‍ നിക്ഷേപിച്ച ശേഷം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ, പലിശക്കാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ആണ് ചെയ്തിരുന്നത്. ഒരു ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ നിര്‍മ്മിച്ചതായാണ് അരുണ്‍ സമ്മതിച്ചിരിക്കുന്നത്. ഇടപാടുകാരുമായും നാട്ടുകാരുമായി സൗഹൃദപരമായി ഇടപെട്ടിരുന്ന ഇയാള്‍ തട്ടിപ്പുകേസില്‍ പ്രതിയായത് പരിചയക്കാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."