മൂന്നിലവ് സര്‍വിസ് സഹകരണ ബാങ്കില്‍ അനധികൃത നിക്ഷേപമെന്ന് ആരോപണം
ഈരാറ്റുപേട്ട: മൂന്നിലവ് സഹകരണ ബാങ്കില്‍ വന്‍തോതില്‍ അനധികൃത നിക്ഷേപമുള്ളതായി ആരോപണം.
വായ്പാ തട്ടിപ്പുകളെപ്പറ്റി അന്വേഷണം നടക്കുന്നതിനിടയിലാണ് ഇത് പുറത്ത് വരുന്നത്. ഒരേ ദിവസം തന്നെ കോടിക്കണക്കിന് രൂപ നിരവധി വ്യാജപ്പേരുകളില്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി പുതുക്കുക പോലും ചെയ്യാത്ത അക്കൗണ്ടുകളില്‍ നിന്ന് കൃത്യമായി പലിശ എടുക്കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വ്യക്തമായ നിബന്ധനകള്‍ പ്രകാരം ആധാര്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളുമായി ബാങ്കിലെ എല്ലാ അക്കൗണ്ടുകളും ബന്ധിപ്പിച്ചിരിക്കേണ്ടതും അല്ലാത്ത അക്കൗണ്ടുകളില്‍ യാതൊരു ഇടപാടും നടത്താന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ ഇതിന് വിരുദ്ധമായ ഇടപാടുകളാണ് നടക്കുന്നതെന്നാണ് വിവരം.
തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ ഇപ്പോഴും യഥാര്‍ഥ ഉടമയുടെ പേര് പോലും ഇല്ലാതെ സൂക്ഷിച്ചിരിക്കുകയാണ്.
ബിനാമി പേരുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കുറെ അക്കൗണ്ടുകള്‍ സമീപകാലത്ത് നിയമ വിരുദ്ധമായി പലരുടെ പേരിലേയ്ക്ക് മാറ്റുകയും ചെയ്തതായി അറിയുന്നു. ഭരണസമിതിയുമായി ബന്ധപ്പെട്ടവര്‍ ബിനാമി പേരുകളിലായി പണം നിക്ഷേപിക്കുകയും പിന്നീട് പലരുടെ പേരുകളിലായി വായ്പ എടുത്ത് അത് വെളുപ്പിക്കുകയുമാണ് ചെയ്ത് വരുന്നതെന്ന് കരുതുന്നു. ബാങ്ക് ഭരണസമിതിയുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത നേതാക്കള്‍ നിക്ഷേപ തട്ടിപ്പിനെപ്പറ്റിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ ബാങ്കില്‍ നടന്നുവരുന്ന സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് വിജിലന്‍സ് ഇന്‍കം ടാക്‌സ് അന്വേഷണങ്ങളില്‍ നിക്ഷേപത്തട്ടിപ്പുകള്‍ കൂടി പുറത്തു വരുമെന്ന് ഓഹരി ഉടമകള്‍ പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."