സഊദി എണ്ണക്കപ്പലിനെതിരേ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ രക്ഷപ്പെടുത്തിയതായി സഖ്യസേന
ജിദ്ദ: യമനിലെ ഹുദൈദ തുറമുഖത്തിനു സമീപം സഊദിയുടെ എണ്ണക്കപ്പല്‍ ഹൂതി വിമതര്‍ ആക്രമിച്ചു. എന്നാല്‍ നിസ്സാര കേടുപാടുകളോടെ കപ്പലിനെ രക്ഷപ്പെടുത്താനായതായി സഊദി സഖ്യസൈന്യം അവകാശപ്പെട്ടു.
കപ്പല്‍ അന്താരാഷ്ട്ര സമുദ്രപാതയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഹൂതികളുടെ ആക്രമണമുണ്ടായതെന്ന് സഊദി സഖ്യസേന അറിയിച്ചു.
എന്നാല്‍ സഖ്യസേനയുടെ യുദ്ധക്കപ്പല്‍ പെട്ടെന്നു തന്നെ സ്ഥലത്തെത്തുകയും കപ്പലിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. കപ്പലിന് ആക്രമണത്തില്‍ ചെറിയ പരുക്കുപറ്റിയെങ്കിലും കേടുപാടുകള്‍ തീര്‍ത്ത് യാത്ര തുടര്‍ന്നതായും സഊദി സഖ്യം അറിയിച്ചു.
ആക്രമണമുണ്ടായ കാര്യം മേഖലയിലുണ്ടായിരുന്ന യൂറോപ്യന്‍ യൂനിയന്റെ നാവികസേനയും സ്ഥിരീകരിച്ചിട്ടുണ്ട്.
സഊദി യുദ്ധക്കപ്പലിനു നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ഹുദൈദയില്‍ കഴിഞ്ഞ ദിവസം ഏഴു കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ സഊദി വ്യോമാക്രമണത്തിന് പ്രതികാരമായാണ് കപ്പല്‍ ആക്രമിച്ചതെന്നും അവര്‍ വ്യക്തമാക്കി.
സഊദിക്കകത്തെ വിവിധ പ്രദേശങ്ങള്‍ക്കെതിരേ ഹൂതി വിമതര്‍ മിസൈലാക്രമണം നടത്തി ദിവസങ്ങള്‍ക്കകമാണ് സഊദിയുടെ എണ്ണക്കപ്പലിനെതിരേ ആക്രമണമുണ്ടായിരിക്കുന്നത്. ഇത് മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
10,000ത്തിലേറെ യമനികള്‍ കൊല്ലപ്പെട്ട യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎന്‍ ശ്രമങ്ങള്‍ക്ക് പുതിയ ആക്രമണങ്ങള്‍ തിരിച്ചടിയാവും. മേഖലയില്‍ യുദ്ധം അവസാനിപ്പിച്ച് രാഷ്ട്രീയ പരിഹാരത്തിന് കളമൊരുക്കാന്‍ ബന്ധപ്പെട്ട മുഴുവന്‍ കക്ഷികളോടും കഴിഞ്ഞ ദിവസം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടിരുന്നു.
ഹൂതികള്‍ക്ക് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കുന്നത് ഇറാനാണെന്നാണ് സഊദി സഖ്യത്തിന്റെ വാദം. എന്നാല്‍ ഇക്കാര്യം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. ഹൂതികള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് മിസൈലുകളെന്നാണ് ഇറാന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."