യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്; അക്രമി ജീവനൊടുക്കി
കാലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്‌കോക്ക് സമീപമുള്ള സാന്‍ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്. നാല്‌പേര്‍ക്ക് പരുക്കേറ്റു. സംഭവ സ്ഥലത്ത് നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ആക്രമണം നടത്തിയ ശേഷം ഇവര്‍ ജീവനൊടുക്കിയതാവാമെന്ന് പൊലിസ് പറഞ്ഞു.
കാലിഫോര്‍ണിയയില്‍ താമസിക്കുന്ന നസീം അഘ്ധാം എന്ന 39 കാരിയാണ് ജീവനൊടുക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പകല്‍ 12.45നാണ് വെടിവയ്പ് നടന്നത്. പരുക്കേറ്റവരില്‍ മൂന്ന് പേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
അതേസമയം മറ്റ് അഞ്ച് പേര്‍ കൂടി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വന്തമായി ചാനലുകള്‍ നടത്തുന്ന അഘ്ധാമിന്റെ വിഡിയോകള്‍ യൂട്യൂബ് ഫില്‍ട്ടര്‍ ചെയ്യുന്നുണ്ടെന്ന് അവര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതാവാം ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പൊലിസ് പറഞ്ഞു. വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി വിഡിയോകള്‍ ചാനലുകളിലൂടെ അഘ്ധാം അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് യൂട്യൂബ് തന്റെ വിഡിയോകള്‍ ഫില്‍ട്ടര്‍ ചെയ്യുന്നുണ്ടെന്ന ആരോപണം അവര്‍ ഉന്നയിച്ചത്. യൂട്യൂബിന്റെ നിയന്ത്രണത്തില്‍ അഘ്ധാം കോപാകുലയായിരുന്നുവെന്ന് പിതാവ് ഇസ്മായില്‍ പൊലിസിനോട് പറഞ്ഞു.
ഇതിനാല്‍ പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കുറഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ അഘ്ധാമിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് ഇസ്മായില്‍ പറഞ്ഞു.
യൂട്യൂബിന്റെ ആസ്ഥാനത്ത് 1,700 പേരാണ് ജോലി ചെയ്യുന്നത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. പരുക്കേറ്റവരില്‍ അക്രമിയുടെ കാമുകനുമുണ്ടെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ലെന്നും ആക്രമണത്തിന് ഇരയായവരെ ഇവര്‍ക്ക് അറിയുമെന്നതിനുള്ള തെളിവുകളൊന്നുമില്ലെന്ന് പൊലിസ് പറഞ്ഞു.
തോക്കുവില്‍പന പ്രോത്സാഹിപ്പിക്കുന്ന വിഡിയോകള്‍ നിരോധിക്കുമെന്ന് കഴിഞ്ഞ മാസം യൂട്യൂബ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആസ്ഥനത്ത് വെടിവയ്പുണ്ടാവുന്നത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."