ജോയ്‌സ് ജോര്‍ജിന്റെ ഭൂമി കൈയേറ്റം: സഭയില്‍ വാക്‌പോര്
തിരുവനന്തപുരം: ഇടുക്കി കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റവിഷയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് ഭൂമി കൈയേറിയിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചോദ്യോത്തര വേളയില്‍ പി.ടി തോമസിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞതാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്.
കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എം.പി ഭൂമി കൈയേറിയിട്ടില്ലെന്നും പരമ്പരാഗതമായി ലഭിച്ച ഭൂമിയാണ് അദ്ദേഹത്തിനുള്ളതെന്നും റവന്യൂമന്ത്രി പറഞ്ഞു. എം.പിയായ ശേഷം ജോയ്‌സ് ജോര്‍ജ് ഭൂമി കൈയേറിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം ഇതിനെതിരേ ആക്ഷേപം ഉന്നയിച്ചത്.
ഇതേതുടര്‍ന്ന് അടിസ്ഥാനരഹിതമായ മറുപടി നല്‍കി മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു.
എം.പിയായ ശേഷം ജോയ്‌സ് ജോര്‍ജ് ഭൂമി കൈയേറിയിട്ടില്ലെന്നാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. സന്തോഷ് മാധവന് ഭൂമി കൈയേറ്റത്തിന് ഒത്താശ ചെയ്തുകൊടുത്തവരല്ലേ നിങ്ങളെന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. എന്നാല്‍, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തെക്കുറിച്ച് മന്ത്രിക്ക് എങ്ങനെ നിലപാട് വ്യക്തമാക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം ബഹളം തുടരുന്നതിനിടെ സര്‍ക്കാരിന്റെ നിലപാടാണ് മന്ത്രി പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് ഭൂമി കൈയേറിയിട്ടില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ രാഷ്ട്രീയമായി ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."