47 ഉത്തരവുകള്‍ പുനഃപരിശോധിക്കും യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ 63 തീരുമാനങ്ങള്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അവസാന കാലത്തെടുത്ത തീരുമാനങ്ങളില്‍ 63 എണ്ണം റദ്ദാക്കി. 47 തീരുമാനങ്ങള്‍ പുന:പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
മന്ത്രി എ.കെ ബാലന്‍ ഇന്നലെ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2016 ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ മന്ത്രിസഭാ യോഗത്തില്‍ ഔട്ട് അജന്‍ഡയായി ഉള്‍പ്പെടെ കൊണ്ടു വന്ന 115 തീരുമാനങ്ങളാണ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചത്.
32 വകുപ്പുകളിലെ തീരുമാനങ്ങള്‍ വിശദമായി പരിശോധിച്ചു. വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കലക്ടര്‍മാര്‍ എന്നിവരില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് ശേഖരിച്ചതിനു ശേഷം നിയമവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് ചിലത് പുന:പരിശോധിക്കാനും ചിലത് റദ്ദാക്കാനും ചിലത് നടപടി ക്രമങ്ങള്‍ പാലിച്ച് നടപ്പിലാക്കാനും തീരുമാനിച്ചത്. 115 ഉത്തരവുകളില്‍ 29 എണ്ണം മന്ത്രിസഭയില്‍ ഔട്ട് ഓഫ് അജന്‍ഡയായാണ് കൊണ്ടുവന്ന് അനുമതി നല്‍കിയത്. നിയമവകുപ്പിന്റെ അറിവില്‍ പെടാതെയാണ് പല ഫയലുകളും മന്ത്രിസഭാ യോഗത്തില്‍ എത്തിയത്.
ഇടതു മന്ത്രിസഭ അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിലാണ് മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് എടുത്ത തീരുമാനങ്ങള്‍ പുന:പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചത്.
പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം അടുത്തമാസം നടക്കാനിരിക്കെയാണ് മുന്‍സര്‍ക്കാര്‍ എടുത്ത കടുംവെട്ട് തീരുമാനങ്ങളില്‍ നടപടി ഉണ്ടായത്. അതേസമയം, ചട്ട വിരുദ്ധവും വന്‍ ക്രമക്കേട് നടന്നതുമായ തീരുമാനങ്ങളില്‍ വിജിലന്‍സ് കേസുകള്‍ വരെ ശുപാര്‍ശ ചെയ്യുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ഉത്തരവുകള്‍ റദ്ദ് ചെയ്തതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചില്ല.
എന്നാല്‍, മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ മറ്റു ഭരണ വകുപ്പുകള്‍ നടപടി സ്വീകരിച്ചു വരുന്നുവെന്നാണ് നിയമ വകുപ്പ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."