എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാംപിന് നാളെ തുടക്കം
കക്കട്ടില്‍ (കോഴിക്കോട്): എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാംപ് സംസ്ഥാനത്തെ 54 കേന്ദ്രങ്ങളില്‍ നാളെ തുടങ്ങും. ഒറ്റഘട്ടമായി നടക്കുന്ന ക്യാംപ് 21ന് അവസാനിക്കും. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്യാംപിന്റെ പ്രവൃത്തി സമയം. ഇതില്‍ 12.30 മുതല്‍ 1.30 വരെ ഇടവേളയായിരിക്കും. ഐ.ടി ഒഴികെയുള്ള ഒന്‍പത് വിഷയങ്ങളുടെ മൂല്യനിര്‍ണയമാണ് നാല് മേഖലകളായി തിരിച്ച് നടത്തുന്നത്.
കൊല്ലത്ത് അഞ്ചും കോഴിക്കോട് മൂന്നും എറണാകുളം, ആലുവ, ഇരിങ്ങാലക്കുട, തൃശൂര്‍, പാലക്കാട്, മണ്ണാര്‍ക്കാട്, കാഞ്ഞങ്ങാട്, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ രണ്ടും വയനാട്, തൊടുപുഴ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പാല, തിരുവല്ല, ചേര്‍ത്തല, കോട്ടയം, ഒറ്റപ്പാലം, തലശ്ശേരി എന്നിവിടങ്ങളില്‍ ഓരോന്നും കേന്ദ്രങ്ങളിലാണ് ക്യാംപ് നടക്കുക. മൂല്യനിര്‍ണയത്തിന്റെ മുന്നോടിയായുള്ള ഉത്തരസൂചിക തയാറാക്കല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പത്ത് ക്യാംപുകളിലായി പൂര്‍ത്തിയായി.
പൊതുവെ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കാതെയായിരുന്നു ഇത്തവണത്തെ പരീക്ഷകളെന്നാണ് വിലയിരുത്തല്‍. നേരത്തെ അഞ്ചിന് ക്യാംപ് ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും പണിമുടക്കിനെ തുടര്‍ന്നാണ് ആറിലേക്ക് മാറ്റിയത്.
ശനിയാഴ്ചകളിലും ക്യാംപ് പ്രവര്‍ത്തിക്കും. ഓരോ കേന്ദ്രങ്ങളില്‍നിന്നും അതതു ദിവസങ്ങളില്‍ തന്നെ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മെയ് ആദ്യം ഫലം പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ടി.എച്ച്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാംപും ഇതോടൊപ്പം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."