കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍: കോണ്‍ഗ്രസില്‍ ഭിന്നത
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിലെ അഭിപ്രായഭിന്നത നിയമസഭയില്‍ മറനീക്കി. ക്രമം ലംഘിച്ചു നടത്തിയ പ്രവേശനത്തിന് സാധുത നല്‍കുന്നതിനുള്ള ബില്ലിന്റെ പരിഗണനാവേളയിലാണ് വ്യത്യസ്ത സ്വരത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സംസാരിച്ചത്.
ബില്ലിനെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിരുന്നു. എന്നാല്‍, ബില്‍ ഇന്നലെ സഭയില്‍ വന്നപ്പോള്‍ തന്നെ ക്രമപ്രശ്‌നമുന്നയിച്ച് വി.ടി ബല്‍റാം എതിര്‍പ്പ് പ്രഖ്യാപിച്ചു. ബില്‍ നിയമവിരുദ്ധവും വിദ്യാഭ്യാസക്കച്ചവടത്തിന് ഒത്താശ ചെയ്യുന്നതുമാണെന്ന് ബല്‍റാം പറഞ്ഞു. മെറിറ്റ് ചട്ടം പാലിക്കാതെയാണ് ഈ മെഡിക്കല്‍ കോളജുകളില്‍ 2016- 17 ബാച്ചില്‍ പ്രവേശനം നടത്തിയത്. ഇതിനു നിയമസാധുത നല്‍കുന്നത് വിദ്യാഭ്യാസക്കച്ചവടത്തിനു പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബല്‍റാമിനു പിന്തുണയുമായി പി.ടി തോമസുമെത്തി. നിലനില്‍ക്കുന്ന നിയമത്തിനു വിരുദ്ധമായൊരു നിയമത്തിനു വേണ്ടിയാണ് സഭയില്‍ ചര്‍ച്ച നടക്കുന്നതെന്ന് തോമസ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഇങ്ങനെയൊരു നിയമമുണ്ടാക്കുന്നത് നിലവിലുള്ള നിയമത്തോടും കോടതിയോടുമുള്ള വെല്ലുവിളിയാണ്. അതാണു ബല്‍റാം പറഞ്ഞതെന്നും തോമസ് പറഞ്ഞു.
രണ്ടുപേരും പറയുന്നത് കോണ്‍ഗ്രസിന്റെ നിലപാടാണോ എന്ന ഇ.പി ജയരാജന്റെ ചോദ്യത്തിന് നിയമനിര്‍മാണ വേളയില്‍ അംഗങ്ങള്‍ക്ക് സ്വന്തം അഭിപ്രായം പറയാവുന്നതാണെന്ന് ബല്‍റാം മറുപടി പറഞ്ഞു.
മെറിറ്റുള്ള കുട്ടികളുടെ മറവില്‍ അല്ലാത്തവരുടെയും പ്രവേശനം ക്രമവല്‍കരിക്കുകയാണ് ചെയ്യുന്നതെന്നും ബല്‍റാം പറഞ്ഞു. പിന്നീടു സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫിന്റെ നിലപാടു വ്യക്തമാക്കി.
സുപ്രിംകോടതി ഈ വിഷയത്തില്‍ വസ്തുത മനസിലാക്കിയിട്ടുണ്ടോ എന്ന സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണ് ഈ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ചു തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ.സി ജോസഫും മുന്നണി നിലപാട് വ്യക്തമാക്കി.
ബല്‍റാം പറയുന്നതിനോടു യോജിക്കാനാവില്ലെന്നും താന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായാണ് സഭയിലെത്തിയതെന്നും പാര്‍ട്ടി തീരുമാനത്തിനനുസരിച്ചാണ് സംസാരിക്കുന്നതെന്നും മുസ്‌ലിം ലീഗിലെ പി.കെ ബഷീര്‍ പറഞ്ഞു.
നിയമനിര്‍മാണ വേളയില്‍ അംഗങ്ങള്‍ക്കു സ്വന്തം നിലപാടു പറയാവുന്നതാണെന്ന് പിന്നീട് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."