പൊള്ളുന്ന സത്യങ്ങള്‍
വെള്ളക്കാരന്‍ എന്റെയച്ഛനെ കൊന്നു
എന്റെയച്ഛന്‍ തന്റേടിയായിരുന്നു
വെള്ളക്കാരന്‍ എന്റെ അമ്മയെ മയക്കിയെടുത്തു
എന്റെ അമ്മ സുന്ദരിയായിരുന്നു
വെള്ളക്കാരന്‍ എന്റെ ചേട്ടനെ ഉച്ചവെയിലില്‍ ചുട്ടുകളഞ്ഞു
എന്റെ ചേട്ടന്‍ കരുത്തനായിരുന്നു
കറുത്തവന്റെ ചോരകൊണ്ടു ചുവന്ന കയ്യുമായി
വെള്ളക്കാരന്‍ എന്റെ നേരെ തിരിഞ്ഞു
ചക്രവര്‍ത്തിയുടെ ശബ്ദത്തില്‍ കല്‍പിച്ചു
'ഹേയ് പയ്യന്‍ ഒരു കസേര, ഒരു തോര്‍ത്ത്, ഒരു പാത്രം വീഞ്ഞ്'
-സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത ഡേവിഡ് ദിയോവിന്റെ ഒരു കവിത.
ഇക്കഴിഞ്ഞയാഴ്ച ഉത്തരേന്ത്യയില്‍ ദലിതരുടെ രോഷം തിളച്ചു മറിഞ്ഞു. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമം തടയുന്ന നിയമത്തിലെ വ്യവസ്ഥകളില്‍ സുപ്രീംകോടതി വിധി വെള്ളം ചേര്‍ത്തതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പരക്കെ അക്രമം. ഏറ്റുമുട്ടലിലും വെടിവയ്പിലും ഒമ്പത് ജീവന്‍ പൊലിഞ്ഞു.
ഇന്ത്യയില്‍ ദലിതരുടെ നില പരിതാപകരമാണിന്നും. സ്വര്‍ണക്കുപ്പായമിട്ട് ഭരണാധികാരികള്‍ വലിയവായില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും അവര്‍ണരുടെ പീഡനങ്ങള്‍ക്ക് ഇരയാവുന്ന ദലിതര്‍ക്ക് രക്ഷയുണ്ടാവുന്നില്ല. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി ഇന്ത്യയെന്ന മഹാഭാരതത്തില്‍ ഒരു വലിയ വിഭാഗം ഇപ്പോഴുമുണ്ട്. ജാതി ഒരു യാഥാര്‍ഥ്യമാണിവിടെ. പാരമ്പര്യവും ജാതി ബോധവും നാം കൈവിടാന്‍ തയാറല്ല. ഒരിക്കലും മനസ്സിനുള്ളില്‍ നിന്ന് കുടുമയും പൂണൂലും കേരളത്തില്‍ പോലും നാം ഉപേക്ഷിച്ചിട്ടില്ല. വിപ്ലവ പാര്‍ട്ടികളെ നയിക്കുന്ന ചിലരുടെയെങ്കിലും മനസ്സില്‍ ഇതൊക്കെ ഇന്നുമുണ്ട്.
കേരളത്തില്‍ പോലും ദുരഭിമാനക്കൊല നടക്കുന്നു. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ക്കു പോലും വലിയ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ചാനലുകളും പത്രങ്ങളും മിണ്ടാതിരിക്കുന്നു. ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങള്‍ നമ്മുടെ മാധ്യമങ്ങളില്‍ അധികം ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് ആരൊക്കെയോ തീരുമാനിക്കുന്നു. ന്യൂനപക്ഷങ്ങളെ തീവ്രവാദികളും ദലിതരെ മാവോയിസ്റ്റുകളുമാക്കി മുദ്രകുത്താന്‍ എളുപ്പമാണിവിടെ.
ഗാന്ധിജിയുടെ വാക്കുകളാണ് നാം മറന്നുപോയത്. ഗാന്ധിജി പറഞ്ഞു: 'നിങ്ങള്‍ക്ക് എപ്പോള്‍ സംശയം തോന്നുന്നുവോ, ഇനി പറയുന്ന പരീക്ഷണം നടത്തുക: നിങ്ങള്‍ക്കറിയാവുന്ന ഏറ്റവും പാവപ്പെട്ട വ്യക്തിയെ ഓര്‍ക്കുക എന്നിട്ട് നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യം കൊണ്ട് ആ വ്യക്തിക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ എന്നു നോക്കുക. അവര്‍ക്കെന്തെങ്കിലും നേട്ടമുണ്ടാകുമോ എന്നാലോചിക്കുക. അവര്‍ക്കതുകൊണ്ട് അവരുടെ ജീവിതത്തെയും വിധിയേയും നിയന്ത്രിക്കുവാന്‍ സാധിക്കുമോ എന്ന് ചിന്തിക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ആ കാര്യം വിശന്നിരിക്കുന്ന, ആത്മാവിനാല്‍ ദരിദ്രരായ ദശലക്ഷക്കണക്കിനു പേരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമോ എന്ന് നിങ്ങളോട് തന്നെ ചോദിക്കുക.''
ഗാന്ധിജിയെ മറുന്നു എന്നത് മാത്രമല്ല നമ്മുടെ ദുരന്തം. ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുന്ന ഒരു നാട് കൂടിയായി ഇന്ത്യ മാറിയിരിക്കുന്നു. മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ ഹിന്ദുമഹാസഭ അവരുടെ ഓഫീസില്‍ സ്ഥാപിച്ചതിന്റെ റിപ്പോര്‍ട്ട് നമ്മുടെ പത്രങ്ങളില്‍ വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. നമ്മുടെ നാട്ടിലെ ഗാന്ധിയന്മാര്‍ പോലും ഒന്നും ഉരിയാടിയില്ല ഇതിനെതിരെ എന്നുള്ളതാണ് സത്യം.
ഗ്രാമമുഖ്യരുടെ തുപ്പല്‍ നക്കാന്‍ നിര്‍ബന്ധിതനായ ഗ്രാമീണന്‍ ബിഹാറിലെ സമസ്തിപൂരില്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയും ആരിലും നടുക്കമുണ്ടാക്കിയില്ല. ഗോരായി ഗ്രാമത്തിലെ രഞ്ജിത് മഹാതോ (40) ആണ് അപമാനഭാരത്താല്‍ ജീവനൊടുക്കിയത്. ദസറ ആഘോഷങ്ങള്‍ക്കിടെ രഞ്ജിത് മഹാതോയും അടുത്ത ഗ്രാമത്തിലെ പുരോഹിതന്‍ രാജ്കുമാര്‍ ഝായുമായി വാക്കേറ്റമുണ്ടായി. 17കാരിയായ മകളെ ശല്യം ചെയ്തതിന്റെ പേരിലായിരുന്നു ഇത്. പ്രശ്‌നം ഗ്രാമപഞ്ചായത്തിന്റെ അടുക്കലെത്തി. മഹാതോയാണ് കുറ്റക്കാരനെന്നായിരുന്നു കണ്ടെത്തല്‍. 21,000 രൂപ പിഴയൊടുക്കാന്‍ പഞ്ചായത്ത് ശിക്ഷ വിധിച്ചു. എന്നാല്‍, അദ്ദേഹത്തിന് അതിന് വകയുണ്ടായില്ല. ദാക്ഷിണ്യത്തിനായി യാചിച്ചപ്പോഴാണ് തങ്ങളുടെ തുപ്പല്‍ നക്കാന്‍ ചില പഞ്ചായത്തംഗങ്ങള്‍ മഹാതോയോട് ആവശ്യപ്പെട്ടത്. ഗത്യന്തരമില്ലാതെ അദ്ദേഹത്തിനത് ചെയ്യേണ്ടിവന്നു. തിരിച്ചു വീട്ടിലെത്തിയ ശേഷം മഹാതോ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മുമ്പ് പത്രങ്ങളില്‍ വന്ന ഈ റിപ്പോര്‍ട്ടും ആരേയും അലോസരപ്പെടുത്തിയില്ല. പക്ഷേ, ഇതാണ് വടക്കേ ഇന്ത്യയുടെ യഥാര്‍ഥ ചിത്രമെന്ന് നാം അറിയണം.
ആദിവാസി, പട്ടികജാതി സ്വത്വപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ഒരു പാര്‍ട്ടിക്കും ഇനി മുന്നോട്ടു പോകാനാവില്ല.
ജാതി വര്‍ണ വിവേചനമില്ലാതെ മനുഷ്യരെല്ലാം ഒന്നാണെന്ന ഒരു ബോധം പ്രസംഗത്തില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും നാം കാണിച്ചു കൊടുക്കേണ്ടിയിരിക്കുന്നു.
'കറുപ്പ് ഒരു ധീര ഗാനത്തിന്റെ പല്ലവിയാണ്
കറുപ്പ് ഒരു നാടിന്റെ ഉദയത്തിന് വേണ്ടിയുള്ള കുരിശ്
കറുപ്പ് തന്റെ നായകരാരാണെന്നറിയുന്ന കുട്ടിയാണ്
കറുപ്പ് ഒരു നായകന്‍ മരിക്കുന്ന വഴി'
-ജെയ്ിംസ് ഇമാനുവലിന്റെ ആഫ്രോ-അമേരിക്കന്‍ കവിത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."