അവയവദാനത്തിലെ സാമ്പത്തിക ഇടപാടുകള്‍ തടയല്‍ സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി ശരിവച്ചു
കൊച്ചി: സംസ്ഥാനത്ത് അവയവദാനത്തിലെ സാമ്പത്തിക ഇടപാടുകള്‍ തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി ശരിവച്ചു. അവയവദാതാവിന് സാമ്പത്തിക സഹായം നല്‍കണമെന്ന മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥ 1994 ലെ അവയവം മാറ്റിവയ്ക്കല്‍ നിയമത്തിനു വിരുദ്ധമാണെന്നാരോപിച്ച് മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് അബ്ദുല്‍നാസര്‍ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. അവയവം ദാനം ചെയ്യുന്നയാള്‍ ആരോഗ്യപരമായി യോഗ്യനാണോ എന്നറിയുന്നതിനുള്ള പരിശോധനകളുടെയും അവയവം എടുക്കുന്നതിന്റെയും ചെലവ് സ്വീകര്‍ത്താവ് വഹിക്കണമെന്ന് സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ദാതാവിന്റെ മൂന്നു മാസത്തെ വരുമാന നഷ്ടത്തിന് പകരമായി പ്രതിമാസം 50,000 രൂപയില്‍ കൂടാത്ത തുക നല്‍കണമെന്നും ഇയാള്‍ക്ക് സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയില്‍ ആജീവനാന്ത പരിരക്ഷ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. കൂടാതെ ദാതാവിന്റെ ആരോഗ്യപരിരക്ഷക്കായി സ്വീകര്‍ത്താവ് രണ്ടുലക്ഷം രൂപ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ (മൃതസഞ്ജീവനി) കെട്ടിവയ്ക്കണം.
1994 ലെ അവയവം മാറ്റിവയ്ക്കല്‍ നിയമപ്രകാരം അവയവങ്ങളുടെ കച്ചവടം നിരോധിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളിലെ ഈ വ്യവസ്ഥകള്‍ വാണിജ്യ താല്‍പര്യം മുന്‍ നിറുത്തിയുള്ളതാണെന്നുമായിരുന്നു ഹരജിക്കാരന്റെ പരാതി. എന്നാല്‍ ദാതാവിന്റെ വരുമാനനഷ്ടം പരിഹരിക്കാനും ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താനുമുള്ള വ്യവസ്ഥകള്‍ കച്ചവട താല്‍പര്യം മുന്‍നിറുത്തിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥകള്‍ അവയവം മാറ്റിവയ്ക്കല്‍ നിയമത്തിന് വിരുദ്ധമല്ല. എന്നാല്‍ ഹരജിക്കാരനടക്കം ആര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നല്‍കാമെന്നും ഇവ നല്ലതാണെന്ന് കണ്ടാല്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഫെബ്രുവരി 15 നാണ് അവയവദാനത്തിലെ കച്ചവടം തടയാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതില്‍ ദാതാവിന് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള വ്യവസ്ഥയാണ് ഹരജിക്കാരന്‍ ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."