ശ്രീനാരായണ സഹോദര സംഘവും ധര്‍മവേദിയും ഒന്നിക്കുന്നു
കൊച്ചി: ശ്രീനാരായണ സഹോദര സംഘവും ശ്രീനാരായണ ധര്‍മവേദിയും യോജിച്ച് ഇനി ശ്രീനാരായണ സഹോദര ധര്‍മവേദി എന്ന പേരില്‍ പ്രവര്‍ത്തിക്കും. പ്രൊഫ. എം.കെ. സാനുവിന്റെ നേതൃത്വത്തില്‍ ഗോകുലം ഗോപാലന് ചെയര്‍മാനും അഡ്വ. സി.കെ. വിദ്യാസാഗര്‍ വര്‍ക്കിങ് ചെയര്‍മാനുമായ സംഘടനയാണ് ശ്രീനാരായണ സഹോദര സംഘം.
ഗോകുലം ഗോപാലന് നേതൃത്വം കൊടുത്തുവരുന്ന സംഘടനയാണു ശ്രീനാരായണ ധര്‍മവേദി. തുടര്‍ന്ന്് മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ ഇരുസംഘടനകളും ഒന്നിച്ചായിരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇരുസംഘടനകളുടെയും സംയുക്ത കണ്വെന്ഷന് 20നു വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഴിമതികള്‍ക്കെതിരേ മുന്‍പ് പരസ്യമായി നിലപാട് സ്വീകരിച്ചിരുന്ന സി.പി.എം. ഭരണത്തില്‍ വന്നശേഷം മിണ്ടാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും സംഘടനകളുടെ നേതാക്കളായ പ്രൊഫ. എം.കെ. സാനു, ഗോകുലം ഗോപ, സി.കെ വിദ്യാസാഗര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എസ്.എന്‍.ഡി.പി യോഗത്തിലെ അഴിമതികള്‍ മൂടിവയ്ക്കാന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ശ്രമങ്ങള്‍ നടത്തുകയാണെന്നും അതിനെതിരേ വ്യാപകമായ പ്രചാരണങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളെയും ഗുരുഭക്തരേയും ഏകോപിപ്പിച്ചു മുന്നോട്ടുകൊണ്ടുപോവുകയാണ് ശ്രീനാരായണ സഹോദര ധര്‍മവേദിയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."