വീണ്ടും ശമ്പളം മുടങ്ങി; സര്‍ക്കാരിനോട് പണം ചോദിച്ച് കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ വീണ്ടും ശമ്പളം മുടങ്ങി. ശമ്പളം കൊടുക്കുന്നതിന് കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് സര്‍ക്കാരിനോട് പണം അഭ്യര്‍ഥിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. അതിനുശേഷം മാത്രമേ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കൂ.
അതിനിടെ ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് മന്ത്രിയും കെ.എസ്.ആര്.ടി.സി മാനേജ്മെന്റും തൊഴിലാളി യൂനിയനുകളുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തൊഴിലാളി സംഘടനകളുടെ അഭിപ്രായം എഴുതി നല്‍കുന്നതിന് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച മുതല്‍ നടപ്പാക്കാനിരുന്ന ഡ്യൂട്ടി പുനഃക്രമീകരണത്തില്‍ തൊഴിലാളിസംഘടനകളുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിക്കാനുള്ള സാവകാശമാണ് നല്‍കിയത്.
തൊഴിലാളിസംഘടനകള്‍ നല്കിയ കേസിലെ വിധിപ്രകാരവും സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കേണ്ടതുണ്ട്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലും ഇക്കാര്യം പറഞ്ഞിരുന്നു. ഡ്യൂട്ടി പരിഷ്കരണം വെള്ളിയാഴ്ച നടപ്പിലാക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രികൂടി പങ്കെടുത്തുകൊണ്ടുള്ള ചര്‍ച്ച.
ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് തൊഴിലാളി യൂനിയനുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്.
അതേസമയം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതിനു വേണ്ടിയാണ് ഇന്നത്തെ ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."