മൂര്യാട് പ്രമോദ് വധം 10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും
തലശ്ശേരി: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് മൂര്യാട് പള്ളിക്കുന്ന് നിരത്തിലെ കുമ്പള പ്രമോദിനെ(33) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 10 സി.പി.എം പ്രവര്‍ത്തകരെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (നാല്) കോടതി ജഡ്ജ് വി.എന്‍ വിജയകുമാര്‍ ശിക്ഷിച്ചു. കേസിലെ ഒന്നാം പ്രതിയും സി.പി.എം ലോക്കല്‍ കമ്മറ്റിയംഗവുമായിരുന്ന താറ്റിയോട്ട് ബാലകൃഷ്ണന്‍ വിചാരക്കിടെ 2015 മെയ് 13ന് മരണപ്പെട്ടിരുന്നു. ഇയാളെ ഒഴിവാക്കിയാണ് വിചാരണ നടപടി പൂര്‍ത്തിയാക്കിയത്.
കേസിലെ രണ്ടു മുതല്‍ 11 വരെ പ്രതികളായ മണ്ടാംമ്പറപ്പത്ത് കുന്നപ്പാടി മനോഹരന്‍(51), സി.പി.എം ലോക്കല്‍ സെക്രട്ടറിയായിരുന്ന മാണ്ടിയപ്പറമ്പത്ത് നാനോത്ത് പവിത്രന്‍ (56), പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍(58), ചാളിമാളയില്‍ പാട്ടക്ക ദിനേശന്‍(50), കുട്ടിമാക്കൂല്‍ വീട്ടില്‍ കുളത്തുംകണ്ടി ധനേഷ്(32), ജാനകി നിലയത്തില്‍ കേളോത്ത് ഷാജി(36), കെട്ടിടല്‍ വീട്ടില്‍ അണ്ണേരി വിപിന്‍(31), ചാമാളയില്‍ പാട്ടക്ക് സുരേഷ്ബാബു(41), കിഴക്കെയില്‍ പാലേരി റിജേഷ്(32), ഷമില്‍ നിവാസില്‍ വാളോടത്ത് ശശി എന്ന പച്ചടി ശശി(50) എന്നിവരെയാണ് കോടതി വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 75,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. പ്രകാശനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് 307ാം വകുപ്പ് പ്രകാരം എല്ലാ പ്രതികളും ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും അടക്കണം. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം.
കേസിലെ രണ്ട്, മൂന്ന്, 11 പ്രതികള്‍ ഇന്ത്യന്‍ശിക്ഷാ നിയമം 143 പ്രകാരം ഗൂഡാലോചനയ്ക്ക് ഒരു വര്‍ഷം തടവും അനുഭവിക്കണം. പ്രതികള്‍ പിഴയടക്കുകയാണെങ്കില്‍ മൂന്ന് ലക്ഷം വീതം കൊല്ലപ്പെട്ട പ്രമോദിന്റെ ഭാര്യക്കും അമ്മക്കും നല്‍കണമെന്നും നാല് ലക്ഷം രൂപ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രകാശന് നല്‍കണമെന്നും വിധിന്യായത്തില്‍ പറയുന്നു. 2007 ഓഗസ്റ്റ് 16ന് രാവിലെ ഏഴ് മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രൊസിക്യൂഷനു വേണ്ടി അഡിഷനല്‍ ഗവ.പ്ലീഡര്‍മാരായ അഡ്വ. പി. അജയകുമാര്‍, അഡ്വ.ബി. അംബികാസുതന്‍ എന്നിവരാണ് ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."