സര്‍ക്കാര്‍ ഭൂമി മറിച്ചുവില്‍ക്കാന്‍ കൈക്കൂലി: വില്ലേജ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍
കല്‍പ്പറ്റ: സര്‍ക്കാര്‍ ഭൂമി മറിച്ചുവില്‍ക്കാന്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരു സ്വകാര്യ ചാനലിന്റെ ഒളികാമറ ഓപ്പറേഷനില്‍ കുടുങ്ങിയ തവിഞ്ഞാല്‍ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ രവിയെയാണ് വയനാട് ജില്ലാ കലക്ടര്‍ എസ് സുഹാസ് സസ്‌പെന്‍ഡ് ചെയ്തത്.
വയനാട് തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ വിമുക്ത ഭടന്‍മാര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി മറിച്ചുവില്‍ക്കാന്‍ വേണ്ടി 2,000 രൂപ വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം ചാനല്‍ പുറത്തുവിട്ടിരുന്നു.
മക്കിമല സ്വദേശി ലക്ഷ്മണന്‍, മാനന്തവാടിയിലെ സി.പി.ഐ പ്രാദേശിക നേതാവ് സജീവന്‍, തരുവണ സ്വദേശി ഉസ്മാന്‍ തുടങ്ങിയവരും ഒളികാമറയില്‍ കുടുങ്ങിയിട്ടുണ്ട്.
സജീവന്‍ നിര്‍ദേശിച്ചതനുസരിച്ച് തവിഞ്ഞാല്‍ വില്ലേജ് ഓഫിസര്‍ രവിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടാണ് ആദ്യ ഗഡുവായ 2,000 രൂപ സംഘം നല്‍കിയത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വയനാട്ടിലെ ഭൂമി പ്രശ്‌നത്തെക്കുറിച്ച് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ നടത്തുന്ന അന്വേഷണത്തിന്റെ പരിധിയില്‍ മക്കിമലയിലെ അനധികൃത ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണവും ഉള്‍പ്പെടുത്തണമെന്ന് കത്തില്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സത്യാവസ്ഥ കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം ആവശ്യമാണ്. സര്‍ക്കാര്‍ ഭൂമി സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."