സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക്‌രണ്ട് ലക്ഷം വീതം; 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ച കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യ പരിശീലകനും രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജോലിയില്ലാത്ത 11 പേര്‍ക്ക് ജോലിയും നല്‍കും.
ടീമിലെ മുഹമ്മദ് ഷെരീഫ്, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്, കെ.പി രാഹുല്‍, വി.എസ് ശ്രീക്കുട്ടന്‍, എം.എസ് ജിതിന്‍, ജി. ജിതിന്‍, ബി.എല്‍ ഷംനാസ്, സജിത് പൗലോസ്, വി.കെ അഫ്ദല്‍, പി.സി അനുരാഗ് എന്നിവര്‍ക്കായിരിക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കുക. ടീം മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും.
വോളി താരങ്ങള്‍ക്ക് ഒന്നര ലക്ഷം
ദേശീയ വോളിബോള്‍ കിരീടം നേടിയ കേരള ടീമിലെ 12 കളിക്കാര്‍ക്കും പരിശീലകനും ഒന്നര ലക്ഷം രൂപ വീതം നല്‍കും. മാനേജര്‍ക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതം നല്‍കും. വോളി കിരീടം നേടിയ ടീമിലെ ജോലിയില്ലാത്ത ഏക താരം സി.കെ രതീഷിന് കിന്‍ഫ്രയില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയില്‍ നിയമനം നല്‍കാനും തീരുമാനിച്ചു.
രാഹുലിന്റെ ഒറ്റമുറി വീട്ടിലെ സങ്കടങ്ങള്‍ക്ക് അറുതിയാകുന്നു
ചെറുവത്തൂര്‍: മിച്ച ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ രാഹുലും കുടുംബവും അനുഭവിച്ചുവന്ന ദുരിതങ്ങള്‍ക്ക് അറുതിയാകുന്നു. സന്തോഷ് ട്രോഫി ടീമില്‍ അംഗമായിരുന്ന രാഹുലിന് വീട് നിര്‍മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കളി മികവുമായി മുന്നേറുമ്പോഴും തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ സൂക്ഷിക്കാന്‍ പോലും ഇടമില്ലാതെ വിഷമിക്കുന്ന രാഹുലിന്റെ സങ്കടങ്ങള്‍ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട എം. രാജഗോപാലന്‍ എം.എല്‍.എ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവരെ നേരില്‍കണ്ട് രാഹുലിന് വീട് അനുവദിക്കണമെന്ന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."