അടയമണ്‍ മുരളിയെ മണ്ഡലം പ്രസിഡന്റാക്കിയതില്‍ അഭിപ്രായ ഭിന്നത
കിളിമാനൂര്‍: കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അടയമണ്‍ മുരളിയെ കോണ്‍ഗ്രസ് പഴയകുന്നുമ്മേല്‍ മണ്ഡലം പ്രസിഡന്റായി ഡി.സി.സി പ്രസിഡന്റ് നോമിനേറ്റ് ചെയതതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ അസ്വാരസ്യം പുകയുന്നു.
അടയമണ്‍ മുരളി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏല്‍ക്കാനിരിക്കെ ഒരു വിഭാഗം സത്യ പ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് രംഗത്ത് വന്നുകഴിഞ്ഞു. മണ്ഡലം പ്രസിഡന്റായി മുരളിയെ നോമിനേറ്റ് ചെയ്തതില്‍ വലിയൊരു വിഭാഗം അസംതൃപ്തിയിലാണ്.
കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ കേസുകളില്‍ പ്രതികള്‍ ആവുകയും ചെയ്ത പ്രവര്‍ത്തകരെ പാടെ അവഗണിച്ചു ഗ്രൂപ്പ് രാഷ്രട്രീയത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച് ബൂത്ത് പ്രസിഡന്റ്് പോലും ആകാത്ത ആളെയാണ് ഇപ്പോള്‍ മണ്ഡലം പ്രസിഡന്റ് ആക്കിയതെന്നാണ് ആരോപണം.
മണ്ഡലം കമ്മിറ്റിയില്‍ ആലോചിക്കാതെയാണ് നേതൃത്വം മുരളിയെ പ്രസിഡന്റായി അവരോധിച്ചതെന്നും ഇതില്‍ മണ്ഡലത്തില്‍ തന്നെയുള്ള കെ.പി.സി.സി നിര്‍വാഹക സമിതി അംഗത്തിനും ബ്ലോക്ക് പ്രസിഡന്റിനും പങ്കുണ്ടെന്നും മുരളിക്കെതിരെ രംഗത്ത് വന്നവര്‍ ആരോപിക്കുന്നു. ഇത് പെയ്ഡ് സ്ഥാനമാണെന്ന് സംശയിക്കേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നളിനന്‍ ആയിരുന്നു മണ്ഡലം പ്രസിഡന്റ്. ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പിലേക്ക് മാറിയ ആളാണ് നളിനന്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വിഭാഗീയ പ്രവര്‍ത്തനം ശക്തമായിരുന്നു. അന്ന് ജനങ്ങളുമായി ബന്ധമുള്ള പ്രബലരെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസ് പ്രാദേശികനേതാക്കള്‍ എല്ലാവരും പരാജയപ്പെട്ടിരുന്നു.
മണ്ഡലം പ്രസിഡന്റ് നളിനന്‍, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ. ഷിഹാബുദ്ദീന്‍, ഐ.എന്‍.ടി യു.സി നേതാവ് ചെറുനാരകം കോട് ജോണി എന്നിവരായിരുന്നു തോറ്റവരില്‍ പ്രമുഖര്‍. മൂന്ന് വനിതകള്‍ മാത്രമാണ് വിജയിച്ചത്. പുതിയ സംഭവ വികാസങ്ങള്‍ ഇന്ന് നടക്കുന്ന സത്യ പ്രതിജ്ഞ ചടങ്ങ് പ്രക്ഷുബ്ധ മാക്കാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."