സനാഥബാല്യത്തിലൂടെ 39 കുട്ടികള്‍ക്ക് പുനരധിവാസം
തിരുവനന്തപുരം: പല കാരണങ്ങള്‍ കൊണ്ടും മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ കഴിയാത്ത കുട്ടികളെ താല്‍ക്കാലികമായി മറ്റൊരു കുടുംബത്തില്‍ പോറ്റിവളര്‍ത്തുന്ന പദ്ധതിയായ സനാഥബാല്യത്തിലൂടെ ജില്ലയില്‍ 39 കുട്ടികള്‍ക്ക് പുനരധിവാസം.
തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സനാഥബാല്യം കുടുംബങ്ങളുടെ സ്‌നേഹസംഗമവും കുട്ടികളുടെ കൈമാറ്റവും പൂജപ്പുര ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ നടന്നു. സാമൂഹിക നീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ഗായകന്‍ കാവാലം ശ്രീകുമാര്‍, ചലച്ചിത്രനടി പ്രിയങ്ക നായര്‍, കഥാകൃത്ത് പി.വി ഷാജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വനിതശിശുവികസന ഡയരക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷയായിരുന്നു. ബാലനീതി നിയമപ്രകാരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 90 ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ബിജു പ്രഭാകര്‍ നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കെ.കെ സുബൈര്‍, ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാ. ജോയി ജയിംസ്, പ്രൊട്ടക്ഷന്‍ ഓഫിസര്‍ എസ്. ശ്രീജ പ്രസംഗിച്ചു.
ശിശുക്ഷേമ സമിതിയംഗങ്ങളായ ഡോ. വി. സുജ, എ. ഷീല, അജിത്ത് വെണ്ണിയൂര്‍ എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ട്രെയിനര്‍ മുഹമ്മദ് ഐക്കണ്‍ ക്ലാസെടുത്തു. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."