താംബരം-കൊല്ലം എക്‌സ്പ്രസിന് കുണ്ടറയില്‍ സ്റ്റോപ്പ് അനുവദിച്ചു
കൊല്ലം: താംബരം - കൊല്ലം എക്‌സ്പ്രസ് തീവണ്ടിക്ക് കുണ്ടറ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായതായി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
പുതിയതായി അനുവദിച്ച കുണ്ടറ സ്റ്റോപ്പോടുകൂടി താംബരം- കൊല്ലം എക്‌സ്പ്രസ് ഒന്‍പത് മുതല്‍ സ്‌പെഷ്യല്‍ ട്രെയിനായി സര്‍വിസ് ആരംഭിക്കും.
ആഴ്ചയില്‍ രണ്ട് ദിവസം സര്‍വിസ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
10ന് പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ കമ്മിഷനിങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്രമന്ത്രിമാരുടെ അസൗകര്യം കാരണം ഔദ്യോഗിക ഉദ്ഘാടന തീയതി നീട്ടിവയ്‌ക്കേണ്ടി വരുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹൈന്‍ അറിയിച്ചതായും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.ഒഴിവുകാലം കണക്കിലെടുത്ത് തീവണ്ടി ഈ മാസം 9, 11, 16, 18, 23, 25, 30 തീയതികളിലും മെയ് മാസം 7, 9, 14, 16, 21, 23, 28, 30 തീയതികളിലും, ജൂണില്‍ 4, 6, 11, 13, 18, 20, 25, 27 തീയതികളിലും താംബരത്ത് നിന്ന് സ്‌പെഷ്യല്‍ ട്രെയിനായി ഓടിക്കുന്നതിനും തീരുമാനമായി.
ഇന്നലെ മുതല്‍ റിസര്‍വ്വേഷന്‍ ആരംഭിച്ചു.
മേല്‍പറഞ്ഞ തീയതികളില്‍ താംബരത്ത് നിന്നും കൊല്ലത്തേക്കും തൊട്ടടുത്ത ദിവസങ്ങളില്‍ കൊല്ലത്ത് നിന്നും താംബരത്തേക്കും സീറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണ്.
ചെങ്കോട്ട, ഭഗവതിപുരം, തെന്മല, ഇടമണ്‍, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
ഔദ്യോഗികമായ ഉദ്ഘാടനത്തിനു ശേഷം സ്‌പെഷ്യല്‍ ട്രെയിന്‍ സംവിധാനത്തിന് മാറ്റം വരികയും ട്രെയിനിന്റെ സമയക്രമത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുള്ളതായും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."