ആകെ പ്രസവം 289; സിസേറിയന്‍ 116!
പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തുന്നവരെ നിര്‍ബന്ധിത സിസേറിയനു വിധേയമാക്കുന്നതായി ആരോപണം. സിസേറിയനു നിര്‍ദേശിച്ചവരെ റൂമിലിരുത്തി ഡോക്ടര്‍മാര്‍ മുങ്ങിയതും വിവാദമായിട്ടുണ്ട്.
ആശുപത്രിയില്‍ ഓരോ മാസവും പ്രസവിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലാണ് ഗൈനക്കോളജി ഡോക്ടര്‍മാര്‍ ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ് ലംഘിച്ച് ഗര്‍ഭിണികളെ സിസേറിയനു വിധേയരാക്കുന്നത്. മാര്‍ച്ചില്‍ ഇവിടെ നടന്ന 289 പ്രസവങ്ങളില്‍ 116ഉം സിസേറിയനായിരുന്നു. ഇതില്‍ മൂന്നു നവജാത ശിശുക്കള്‍ മരണപ്പെടുകയും ചെയ്തു. പൊന്നാനി സ്വദേശികളായ എണ്ണാഴിയില്‍ സുനില്‍കുമാറിന്റെയും ഭാര്യ ചിത്രയുടെയും കുട്ടിയും പാലക്കല്‍ മുഷീറയുടെ കുഞ്ഞും ഓപറേഷനെ തുടര്‍ന്നാണ് മരണപ്പെട്ടത്.
ആഴ്ചയില്‍ രണ്ടു ദിവസങ്ങളില്‍ നടക്കുന്ന സിസേറിയനില്‍ കൂടുതല്‍ പേരെ സിസേറിയനു വിധേയമാക്കുന്നുണ്ടെന്നാണ് പരാതി. ആശുപത്രിയിലെ പ്രസവ വാര്‍ഡിലെ ബെഡുകളുടെ ലഭ്യതയും ഓപറേഷനാവശ്യമായ സ്റ്റെറിലൈസേഷന്‍ ബിന്നിന്റെ ലഭ്യതയും നഴ്‌സിങ് ജീവനക്കാരുടെ എണ്ണവും പരിഗണിച്ച് ഒരു ദിവസം ഒന്‍പതു സിസേറിയന്‍ മാത്രമേ പാടുള്ളൂവെന്ന ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദേശം ചെവികൊള്ളാതെയാണ് ഇന്നലെ 15 ഓപറേഷനുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തുനിഞ്ഞത്.
ഇതിനായി ചൊവ്വാഴ്ച മുതല്‍ തയാറെടുത്തവര്‍ ഭക്ഷണംപോലും കഴിക്കാതെയിരിക്കുന്നതിനിടയിലാണ് പകുതി പേരുടെ സിസേറിയന്‍ കഴിഞ്ഞതിനു ശേഷം ഡോക്ടര്‍മാര്‍ മുങ്ങിയത്. ഉപയോഗിച്ച സ്റ്റെറിലൈസ്ഡ് ബിന്‍ വീണ്ടും ഉപയോഗിക്കുന്നതു പ്രശ്‌നമാകുമെന്നു കണ്ടതിനെ തുടര്‍ന്നു നഴ്‌സുമാര്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചപ്പോഴാണ് സിസേറിയനു തയാറെടുത്ത ഗര്‍ഭിണികളെ പ്രസവ മുറിയിലുപേക്ഷിച്ച് ഡോക്ടര്‍മാര്‍ മുങ്ങിയത്. ഇതോടെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. തുടര്‍ന്നു പൊലിസ് സ്ഥലത്തെത്തുകയും ബാക്കിയുള്ളവരുടെ ഓപറേഷന്‍ അടുത്ത ദിവസം നടത്തുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ശാന്തരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."