റേഷന്‍ കടകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം അന്തിമഘട്ടത്തില്‍: റേഷന്‍ വിതരണം ഇനി ഹൈടെക്
മഞ്ചേരി: ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന റേഷന്‍ കടകളുടെ ഡിജിറ്റലൈസേഷന്‍ നടപടികള്‍ ജില്ലയില്‍ അന്തിമഘട്ടത്തില്‍. ഈ മാസം പത്തു മുതല്‍ ഇ-പോസ് മെഷീന്‍ ഉപയോഗപ്പെടുത്തിയുള്ള പുതിയ സംവിധാനമനുസരിച്ചായിരിക്കും റേഷന്‍ വിതരണം നടത്തുക.
ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കുമുള്ള ഇ -പോസ് മെഷീനുകളുടെ വിതരണവും പ്രത്യേക പരിശീലനവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മെഷീനുകള്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നതോടെ കാര്‍ഡുടമയ്ക്കും കാര്‍ഡിലെ അംഗങ്ങള്‍ക്കും മാത്രമേ റേഷന്‍ സാധനങ്ങള്‍ ഇനി മുതല്‍ ലഭ്യമാകൂ. നിലവിലെ ക്ലോസിങ് സ്റ്റോക്ക് ഡാറ്റയെടുത്ത് ഇ -പോസ് മെഷീനിലേക്കു എന്റര്‍ ചെയ്യുന്ന നടപടിക്രമങ്ങളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇതിന്റെ ഭാഗമെന്നോണം വിവരങ്ങള്‍ സിവില്‍ സപ്ലൈ വിഭാഗം ഐ.ടിയിലേക്കു കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ ഈ മാസത്തെ റേഷന്‍ വിതരണം പത്താം തിയതിയോടെയായിരിക്കും തുടങ്ങുക. നിലവില്‍ മലപ്പുറം താലൂക്കില്‍ ഇ -പോസ് സംവിധാനമനുസരിച്ചാണ് റേഷന്‍ വിതരണം നടക്കുന്നത്. ജില്ലയിലെ 1,244 റേഷന്‍ കടകളും സംസ്ഥാനത്തു 14,335 റേഷന്‍ കടകളുമാണ് ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി ഹൈടെക്കാകുന്നത്.
കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവയാണ് ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന മറ്റു ജില്ലകള്‍. കടകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജി.പി.എസ് ട്രാക്കിങ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. ഇതുപ്രകാരം റേഷന്‍ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനം സര്‍ക്കാരിന്റെ കണ്‍ട്രോള്‍ റൂമില്‍ യഥാസമയം നിരീക്ഷണത്തിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."