ചെമ്പക്കോട് മലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധം
മുക്കം: നഗരസഭയുടെയും ചാത്തമംഗലം പഞ്ചായത്തിന്റെയും അതിര്‍ത്തിദേശമായ ചെമ്പക്കോട് മലയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് പ്ലാന്റ് സ്ഥാപിച്ചാല്‍ അതു പ്രദേശവാസികള്‍ക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാവുമെന്ന് നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഐ.ടി.ഐക്ക് പുതിയ കെട്ടിടം സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് അക്വയര്‍ ചെയ്ത് ഏറ്റെടുത്ത സ്ഥലത്താണ് മുന്നറിയിപ്പില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനുള്ള നീക്കം നടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ മാത്രമുള്ള സ്ഥലമാണെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും മറ്റിടങ്ങളില്‍ ഇതുപോലെയാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയതെന്നും ഇത് ജനജീവിതത്തിന് ഭീഷണിയാകുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
തൊട്ടടുത്ത് പഞ്ചായത്ത് തന്നെ നിര്‍മിച്ച സാംസ്‌കാരിക നിലയത്തിനും പ്ലാന്റ് ഭീഷണിയാണ്. വേനല്‍കാലത്തു പോലും ശുദ്ധമായ വെള്ളം ലഭിക്കുന്ന ഈ പ്രദേശത്തെ ജലം മലിനമാകുന്നതിനും മാലിന്യ സംസ്‌കരണ പ്ലാന്റ് കാരണമാകും. ഗ്രാമസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു തീരുമാനമെടുത്തതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പ്ലാന്റ് പ്രവൃത്തിക്കായി എത്തിയ ജെ.സി.ബി ഉള്‍പ്പെടെ കഴിഞ്ഞദിവസം നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. പ്രദേശത്തു മാലിന്യ സംസ്‌കരണ പ്ലാന്റ് യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും പ്രവൃത്തി ഇനിയും തടയുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ചെമ്പക്കോട് മലയില്‍ കൃഷി ഉപജീവനമായി സ്വീകരിച്ചവരാണ് അധികപേരും. കാട്ടുപന്നികളുടെയും മയിലിന്റെയും ശല്യം മൂലം പൊറുതിമുട്ടിയ കര്‍ഷകരുടെ പ്രയാസത്തിന് ശാശ്വത പരിഹാരം കാണുന്നതിനു പകരം ചെമ്പക്കോട് മലയെ മാലിന്യ സംസ്‌കരണ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."