മേപ്പാടി ഗവ. പോളിടെക്നികിന് പുതിയ കാംപസ് ഒരുങ്ങുന്നു
മേപ്പാടി: ടൗണില്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ പ്രവര്‍ത്തിക്കുന്ന മേപ്പാടി പോളി ടെക്നിക് താഞ്ഞിലോടുള്ള 10 ഏക്കര്‍ സ്ഥലത്തെ പുതിയ കാംപസിലേക്ക് മാറുന്നു. അടുത്തമാസത്തോടെ കോളജ് പൂര്‍ണമായും പുതിയ കാംപസിലേക്ക് മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി എഴുപത് ശതമാനത്തോളം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഒരു കെട്ടിടത്തിന്റെ നിര്‍മാണം കൂടി പൂര്ത്തീകരിക്കേണ്ടതുണ്ടെങ്കിലും കോളജിന്റെ പ്രവര്‍ത്തനം മേയില്‍ അവിടേക്ക് മാറ്റുന്നതില്‍ കുഴപ്പമില്ലെന്ന നിഗമനത്തിലാണ് അധികൃതര്‍.
കെട്ടിടങ്ങളുടെ വയറിങ് ജോലികള്‍ പൂര്‍ത്തീകരിച്ച് പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി കണക്ഷന് കൂടി ലഭിച്ചാല്‍ മതി. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങള്‍ മെയില്‍ നടക്കും. അതോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ഒഴിവു നോക്കി ഉദ്ഘാടന തിയതി നിശ്ചയിച്ചേക്കുമെന്നാണ് സൂചന. അത്യാവശ്യമുള്ള ഹോസ്റ്റല്‍-ക്ലാസ് റൂം ബ്ലോക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. നേരത്തെ തന്നെ ആദ്യവര്‍ഷ വിദ്യാര്‍ഥികളെ താഞ്ഞിലോട് ക്യാംപസിലേക്ക് മാറ്റിയിരുന്നു.
ഒരു പതിറ്റാണ്ടിലധികമായി അസൗകര്യങ്ങള്‍ക്കു നടുവിലാണ് കോളജിന്റെ പ്രവര്‍ത്തനം. മേപ്പാടി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ഷോപ്പിങ് കോംപ്ലക്സിലുമായി തീരെ സൗകര്യമില്ലാതെയാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ആവശ്യങ്ങള്‍ക്ക് സ്ഥലമോ സൗകര്യമോ ഇല്ലാതെയാണ് കോളജ് ഒരു പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചിരുന്നത്.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടിയോളം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. വര്‍ഷങ്ങളായി പ്രവൃത്തികള്‍ ആരംഭിച്ചിട്ടെങ്കിലും പൂര്‍ത്തീകരിക്കാന്‍ വൈകി. പുതിയ കെട്ടിടത്തിലേക്ക് ഉടനെ മാറാന്‍ കഴിയുമെന്നതിന്റെ ആശ്വാസത്തിലാണ് വിദ്യാര്‍ഥികളും ജീവനക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."