രണ്ടാനച്ഛന്റെ പീഡനം; 13കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കാസര്‍കോട്: രണ്ടാനച്ഛന്റെ ലൈംഗിക പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ രഹസ്യമൊഴി കാസര്‍കോട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. കുമ്പള പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ. പ്രേംസദന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തിയത്.
മാതാവിന്റെ കഴുത്തിനു കത്തിവച്ച ശേഷമാണ് പെണ്‍കുട്ടിയെ രണ്ടാനച്ഛനായ അബ്ദുല്‍ കരീം (38) പീഡിപ്പിച്ചതെന്നു പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണു സംഭവം നടന്നത്. കര്‍ണാടക സ്വദേശിയായ മാതാവ് ആറു വര്‍ഷമായി അബ്ദുല്‍ കരീമിനൊപ്പം കുമ്പളയില്‍ താമസിച്ചു വരികയാണ്. മാതാവും മകളും ഉറങ്ങിക്കിടക്കുമ്പോഴാണ് പുലര്‍ച്ചെ കത്തിയുമായി കരീം വീട്ടിനകത്ത് അതിക്രമിച്ചു കയറിയതെന്നു പറയുന്നു.
ശബ്ദമുണ്ടാക്കിയാല് കൊന്നുകളയുമെന്ന് മാതാവിനെ ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്കു നേരെ കത്തി വീശുകയും ചെയ്തു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൈ വെള്ളയില്‍ മുറിവേറ്റു. പെണ്‍കുട്ടിയാണ് മാതാവിനൊപ്പം കുമ്പള പൊലിസ് സ്റ്റേഷനിലെത്തി കരീമിനെതിരേ പരാതി നല്‍കിയത്. കേസെടുത്ത പൊലിസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. അബ്ദുല്‍ കരീം ഇപ്പോള്‍ റിമാന്‍ഡിലാണ്. മയക്ക് മരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ച് പെണ്‍കുട്ടിയെ കരീം നിരന്തരം പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."