മെഡിക്കല്‍ ബില്‍ പിന്തുണച്ച പ്രതിപക്ഷ നിലപാടിനെതിരെ വി.എം സുധീരന്‍
തിരുവനന്തപുരം: മെഡിക്കല്‍ ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയതിനെതിരെ വി.എം സുധീരന്‍ രംഗത്ത്. ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്തത് തെറ്റായ നടപടിയെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. ഫേസ് ബുക്ക് വഴിയാണ് വിമര്‍ശനം.
നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം.എന്നാല്‍ സര്‍വ്വ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണെന്ന് പോസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാശ്രയ കൊള്ളക്കാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും യു.ഡി.എഫ് എം.എല്‍.എമാരും നടത്തിയ സമരത്തെ ഇതോടെ നിരര്‍ത്ഥകമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം.
എന്നാല്‍ സര്‍വ്വ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണ്.
കൊള്ളലാഭത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സര്‍ക്കാര്‍നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷനടപടി സ്വയം വഞ്ചിക്കുന്നതായി.
സ്വാശ്രയ കൊള്ളക്കാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും യുഡിഎഫ് എംഎല്‍എമാരും നടത്തിയ സമരത്തെ ഇതോടെ നിരര്‍ത്ഥകമാക്കിയിരിക്കുകയാണ്.
വിദ്യാര്‍ഥികളെ തന്നെ തുറുപ്പ് ശീട്ടാക്കിയാണ് ഈ കള്ളക്കളികളെല്ലാം അരങ്ങേറിയതെന്നത് വിചിത്രമാണ്.
നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് വെള്ളപൂശുന്നതിലെ ഈ 'ഐക്യം' പരിഹാസ്യവും ആപല്‍ക്കരവുമാണ്. ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."