രാജസ്ഥാനില്‍ സവര്‍ണരുടെ അക്രമം: ഇസ്‌ലാം സ്വീകരിക്കുമെന്ന് ദലിതര്‍
ജയ്പൂര്‍: സവര്‍ണരുടെ അക്രമം തുടര്‍ന്നാല്‍ കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി രാജസ്ഥാനിലെ ദലിതര്‍. രാജസ്ഥാന്‍ കറൗളി ജില്ലയിലെ ഹിന്ദുവാന്‍ സിറ്റിയില്‍ ഭാരത് ബന്ദിന് ശേഷം ചൊവ്വാഴ്ച രാവിലെയായിരുന്നു ദലിത് നേതാക്കളുടേയും ദലിത് വിഭാഗത്തില്‍ പെടുന്നവരുടേയും നേരെ ആള്‍ക്കൂട്ടം അക്രമം അഴിച്ച് വിട്ടത്. ദലിത് വിഭാഗത്തില്‍ പെടുന്ന എം.എല്‍.എയുടെ വീടിന് തീവെച്ച് തുടങ്ങിയ അക്രമം സാധാരണക്കാരുടെ നേരെ തിരിച്ച് വിടുകയായിരുന്നു.
'ദലിതരാണെന്ന് ഉറപ്പാക്കാന്‍ അവര്‍ ഞങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു. അതിന് ശേഷമാണ് അക്രമം അഴിച്ചുവിട്ടത്. സ്ത്രീകളെ പോലും വെറുതെ വിട്ടില്ല. വീടും ജീവനോപാധിയും അഗ്‌നിക്കിരയാക്കി. ഇത് ഇനിയും തുടര്‍ന്നാല്‍ ഇസ്‌ലാം മതത്തിലേക്ക് മാറാന്‍ ഞങ്ങള്‍ തയ്യറാവും' അടികൊണ്ട് നീര് വീര്‍ത്ത പുറം മാധ്യമങ്ങളെ കാണിച്ച് കൊണ്ട് ഹിന്ദുവാന്‍സിറ്റിയിലെ അശ്വനി ജാതവ് പറഞ്ഞു. എന്തിനാണ് അക്രമമെന്നോ എന്താണ് സംഭവിക്കുന്നതെന്നോ അറിയാതെ അക്രമങ്ങളെ നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെന്നും വേദനയോടെ അശ്വിനി കൂട്ടിച്ചേര്‍ക്കുന്നു.
അയ്യായിരത്തോളം വരുന്ന ജനക്കൂട്ടമാണ് ദലിതര്‍ക്കെതിരെ അതിക്രമം അഴിച്ചു വിട്ടത്. ഭാരത് ബന്ദില്‍ അക്രമവും കൊള്ളിവെപ്പും നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ച രാജസ്ഥാനിലെ ഹിന്ദുവാന്‍ സിറ്റിയില്‍ ഇവരുടെ അഴിഞ്ഞാട്ടം.
മൂന്നു ദലിതരെ ട്രാക്ടര്‍ കയറ്റി കൊല്ലുകയും സ്ത്രീകളെ അതിക്രമിക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറയുന്നു.
ഇന്നവര്‍ എം.എല്‍.എയുടെയും, മുന്‍ എം.എല്‍.എയുടേയും വീടിനാണ് തീവെച്ചത്. ഇനിയവര്‍ എന്താണ് ചെയ്യുകയെന്ന് അറിയില്ല. ദലിതരെ തിരഞ്ഞ് പിടിച്ചായിരുന്നു അക്രമം. ഞങ്ങളുടെ കൂടെയുള്ള നാല്‍പത് പേരുടെ വീടാണ് കഴിഞ്ഞ ദിവസത്തെ അക്രമത്തില്‍ തകര്‍ന്നത്. ഇവരാരും ഒരു തരത്തിലുള്ള അക്രമത്തിനോ മറ്റോ പോവാത്തവരും, സമാധനം ആഗ്രഹിക്കുന്നവരുമാണ്. ഞങ്ങള്‍ എന്ത് ചെയ്യും. ഹിന്ദുവാന്‍ സിറ്റിയിലെ അശോക് കണ്ടേല്‍വാല്‍ ചോദിക്കുന്നു.
സംഭവത്തെ തുടര്‍ന്ന് നൂറു കണക്കിന് ദലിത് വിഭാഗക്കാര്‍ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലിസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസത്തെ അക്രമത്തിന് ശേഷം സ്ഥലത്ത് പൊലിസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമായതായി കരൗളി ജില്ലാകളക്ടര്‍ അഭിമന്യുകുമാര്‍ ചൂണ്ടിക്കാട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."