തൊഴിലുറപ്പിനും അകറ്റാനാവാതെ ആദിവാസികളുടെ ദാരിദ്ര്യം
വി.എം. ഷണ്‍മുഖദാസ്
പാലക്കാട്: ദാരിദ്ര നിര്‍മാര്‍ജനം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി കൊണ്ട് മുതലമട പഞ്ചായത്തില്‍ പറമ്പികുളത്തെ ആദിവാസി കുടുംബങ്ങളുടെ ദാരിദ്യം അകലുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷം ഇവര്‍ക്ക് തൊഴിലുറപ്പില്‍ പണി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് പരാതിയുയര്‍ന്നു.
പറമ്പിക്കുളംമേഖലയിലെ പത്തോളം വരുന്ന ആദിവാസികോളനികളില്‍ മിക്കതിലും അടുപ്പ് പുകഞ്ഞിട്ട് ആഴ്ചകളായി. കാട്ടിലെ കിഴങ്ങും, തേനും, മറ്റും ശേഖരിച്ചു വിറ്റാണ് ഉപജീവനം. പറമ്പിക്കുളം കടുവാ സങ്കേതമായതിനാല്‍ നല്‍കാന്‍ കഴിയില്ലെന്ന് വനം വകുപ്പ് വാശി പിടിക്കുകയാണ്. ചിലര്‍ കാടിറങ്ങി പണിക്കു പോകുന്നു. ഇവര്‍ മാസങ്ങള്‍ കഴിയുമ്പോഴാണ് ഊരുകളിലേക്ക് തിരിച്ചെത്താറുള്ളത്.
ആദിവാസികള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ ഒരുവര്‍ഷം നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ മുതലമട പഞ്ചായത്തില്‍ അധിവസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഇതിന്റെ കാല്‍ ഭാഗം തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നില്ലെന്നാണ് പരാതി. പഞ്ചായത്താണെങ്കില്‍ വനം വകുപ്പിന്റെ തലയില്‍ കെട്ടിവച്ചു ഒഴിഞ്ഞു മാറുന്ന പതിവാണ് .
പറമ്പിക്കുളം ആദിവാസി കോളനികളില്‍ 2120 ആദിവാസി ഗുണഭോക്താക്കളാണിപ്പോള്‍ ഉള്ളത്. ഇതില്‍ 1195 പേര്‍ക്ക് തൊഴില്‍കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇതില്‍ 910 കുടുംബങ്ങള്‍ സജീവമായിട്ടുണ്ട്.
കണക്കു പ്രകാരം 2,38,000 തൊഴില്‍ ദിനങ്ങള്‍ പണിയായി നല്‍കണമെന്നിരിക്കെ കഴിഞ്ഞ വര്‍ഷം കൂടി 6322തൊഴില്‍ ദിനങ്ങളാണ് അനുവദിച്ചത്. കാടിനകത്ത് നിറയെ പണികള്‍ നല്‍കാമെന്നിരിക്കെ ബന്ധപ്പെട്ടവര്‍ അതിനൊന്നും തയ്യാറായിട്ടില്ല.
തൊഴിലുറപ്പ് പണികളിലൂടെ കാടിനകത്തെ വയലുകളിലെ ചെറു കുളങ്ങള്‍ ആഴംകൂട്ടി മഴക്കാലത്ത് വെള്ളം സംഭരിച്ചു നിര്‍ത്തുകയും ഇവക്ക് കുടിക്കാനും മറ്റും വെള്ളം ഉപയോഗിക്കാനും പറ്റും. എന്നാല്‍ കാടിനകത്ത് ജെ.സി.ബിയും മറ്റും കൊണ്ടുവന്നാണ് വനം വകുപ്പ് കുളങ്ങള്‍ ആഴം കൂട്ടുന്നതും, അരുവികളിലെ ജലമൊഴുക്ക് ആഴപ്പെടുത്തുകയും ചെയ്യുന്നതെന്ന് പറയുന്നു. കേരളത്തിലെ കടുവ സങ്കേതമായ പെരിയാറില്‍ ഇപ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തൊഴിലുറപ്പും, ഇ.ഡി.സികളിലെ തെരഞ്ഞെടുത്ത തൊഴിലാളികളുമാണ് പറമ്പികുളത്ത്. തൊഴിലുറപ്പു പണികള്‍ക്കായി റെജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആദിവാസികള്‍ക്കും തൊഴില്‍ നല്‍കിയാല്‍ നാലുകോടിയോളം രൂപ ഇവിടെയുള്ളവര്‍ക്ക് ലഭിക്കുമായിരുന്നു. ഉദ്യോഗസ്ഥരുടെയും, ഗ്രാമപഞ്ചായത്ത് ഭരണാധികാരികളുടെയും പിടിപ്പുകേടു മൂലം ഇത്രയും തുക ആദിവാസി കുടുംബങ്ങള്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു.
ഇവര്‍ക്ക് മുഴുവന്‍ തൊഴില്‍ ദിനങ്ങളും അനുവദിച്ചു നല്‍കിയാല്‍ പട്ടിണി ഇല്ലാതാക്കാന്‍ പറ്റുമായിരുന്നു.
താഴെയുള്ള കോളനിയില്‍ 23 പേര്‍ക്ക് 16 ദിവസമാണ് തൊഴില്‍ നല്‍കിയതെന്നും ആദിവാസികള്‍ പറയുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് കൂടുതല്‍ പണി അനുവദിക്കുന്നുമില്ല.
പണികള്‍ മോണിറ്റര്‍ ചെയ്യാന്‍ പറമ്പിക്കുളം പോവേണ്ടിവരികയോ, താമസിക്കുകയോ ചെയ്യേണ്ടി വരുന്നു എന്നതിനാല്‍ പരമാവധി പറമ്പികുളത്തേക്ക് തൊഴിലുറപ്പ് പണികള്‍ കുറച്ച് നല്‍കാനാണ് താല്‍പര്യപ്പെടുന്നത്. പണികള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ശമ്പളത്തില്‍ നിന്നും പിടിക്കാന്‍ നിയമമുണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാറില്ല.
മാസത്തില്‍ പത്തു ദിവസമെങ്കിലും പണി ലഭിച്ചാല്‍ പട്ടിണിയില്ലാതെ ജീവിക്കാമെന്നാണ് ആദിവാസികള്‍ പറയുന്നത്. ഈ മാസം മുതല്‍ തൊഴിലുറപ്പുകൂലിയില്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ധന വരുത്തിയിട്ടുണ്ട്.
മാര്‍ച്ചു വരെ 258 രൂപയാണ് നല്‍കിയിരുന്നത്. ഇപ്പോഴത് 271 രൂപയാണ്. ഇപ്പോള്‍ ആദിവാസികള്‍ക്ക് കാടിനകത്ത് കയറി വനവിഭവശേഖരണത്തിനും വനം വകുപ്പ് പരിമിതികള്‍ ഉണ്ടാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷമായിട്ടും പറമ്പിക്കുളം മേഖലയിലെ ആദിവാസികള്‍ക്ക് തൊഴിലുറപ്പ് പണികള്‍ നല്‍കാന്‍ തയ്യാറാവാത്ത ഗ്രാമപഞ്ചായത്തിന്റെ നടപടിയെകുറിച്ചു അന്വേഷണം നടത്തണമെന്ന് അഖിലേന്ത്യ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി പ്രീത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."