ഊട്ടുപുരയില്‍ ഭക്ഷണ നിഷേധം: പരാതി പറഞ്ഞ ക്ഷേത്രം ജീവനക്കാരിയെ പുറത്താക്കി
കുന്നംകുളം : ഊട്ടുപുരയില്‍ ഭക്ഷണം നിഷേധിച്ചതു സംബന്ധിച്ചു പരാതി പറഞ്ഞതിനു ക്ഷേത്രം ജീവനക്കാരിയെ പുറത്താക്കി. കരിക്കാട് കൊടിയഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ശുചീകരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കല്യാണിയെ ആണു താല്‍ക്കാലികമായി സസ്പന്റ് ചെയ്തതായി ക്ഷേത്ര ഭരണ സമിതി കത്ത് നല്‍കിയത്. കരിക്കാട് ക്ഷേത്രത്തിനു പരിസരത്തു താമസിക്കുന്ന കല്യാണി എന്ന എഴുപതുകാരിക്കാണു ഒരില ചോറു നിഷേധിക്കപെടുകയും സംഭവം ആരാഞ്ഞതിനു ജോലി നഷ്ടപെടുകയും ചെയ്തത്്. രണ്ടു മാസം മുന്‍പു ക്ഷേത്രോത്സവ ദിവസം ഊട്ടുപുരയില്‍ ശുചീകരണ തൊഴിലാളികളെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചെങ്കിലും കല്യാണിയുള്‍പടേ ചിലര്‍ക്കു ഭക്ഷണം നല്‍കിയില്ല. പൂരം അവലോകന യോഗത്തില്‍ പൂര നടത്തിപ്പു സംബന്ധിച്ചു ആളുകളോടു അഭിപ്രായമാരാഞ്ഞപ്പോള്‍ കല്യാണി ഭക്ഷണം നല്‍കാതെ മടക്കി അയച്ചതു സംബന്ധിച്ചു അഭിപ്രായം പറഞ്ഞിരുന്നു.
എന്നാല്‍ ക്ഷേത്ര ചടങ്ങില്‍ സഹകരിച്ച ശുചീകരണ തൊഴിലാളികളെ ആദരിക്കാനായാണു വിളിച്ചുവരുത്തിയതെന്നും നിങ്ങള്‍ക്കു അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും ഭാരവാഹികള്‍ പറഞ്ഞുവത്രേ. അനുമോദിക്കാനായിരുന്നുവെങ്കില്‍ ആ വിവരം ആദ്യം പറയണമെന്നു പറഞ്ഞ കല്യാണിയെ സംസാരിക്കാനനുവദിച്ചില്ല. പിന്നീട് ക്ഷേത്ര യോഗത്തില്‍ അനാവശ്യമായി സംസാരിച്ചുവെന്നു കാട്ടി വിശദീകരണം ചോദിച്ചു കത്തു നല്‍കി. ഇതിനു നല്‍കിയ മറുപടിയില്‍ തനിക്കുണ്ടായ സങ്കടം ബോധ്യപെടുത്തിയെങ്കിലും ഇതു കാര്യമാക്കാതെ താല്‍ക്കാലികമായി സസ്പന്റ് ചെയ്യുന്നുവെന്നു കാട്ടി ക്ഷേത്രം കമ്മറ്റി കത്തു നല്‍കുകയായിരുന്നുവെന്നു കല്യാണി പറയുന്നു. ക്ഷേത്രത്തിന്റെ ലെറ്റര്‍ പാഡില്‍ സെക്രട്ടറി തയ്യാറാക്കിയ കത്തില്‍ ക്ഷേത്രത്തിലെ അടിച്ചു തളിക്കാരിയായ കല്യാണി ക്ഷേത്ര കമ്മറ്റി അവഹേളിക്കും വിധം സംസാരിച്ചതായി ബോധ്യപെട്ടതിനാല്‍ നടപടിയെടുക്കുന്നുവെന്നാണു സൂചിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ മേഖലയില്‍ വലിയ പ്രതിഷേധം സ്വരം ഉയരുന്നുണ്ട്. വിഷയത്തില്‍ പരാതിയുമായി മുന്നോട്ടു പോകാനും തീരുമാനിച്ചതായി കല്യാണി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."