കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനം: കേസില്‍ ഇന്നുതന്നെ വാദം കേള്‍ക്കും- സുപ്രിം കോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനകേസ് നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രിംകോടതി തള്ളി. ഇന്ന് തന്നെ വാദം കേള്‍ക്കുമെന്ന് കോടതി പറഞ്ഞു.
പ്രവേശനം അംഗീകരിച്ച് ഇന്നലെ നിയമസഭ ബില്ല് പാസാക്കിയിരുന്നു. ബില്ല് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം. ഓര്‍ഡിനന്‍സ് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഇന്നലെ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ലല്ലോയെന്നും സുപ്രിംകോടതി ചോദിച്ചു.
പ്രവേശനം ക്രമവത്കരിക്കാനുള്ള ബില്‍ ഇന്നലെ നിയമസഭ പാസാക്കിയ സാഹചര്യത്തില്‍ ഇന്ന് കോടതി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളില്‍ 2016-17 കാലയളവില്‍ മാനദണ്ഡങ്ങള്‍ മറികടന്നാണ് 180 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രവേശനം റദ്ദാക്കി. ഈ തീരുമാനം ഹൈക്കോടതിയും സുപ്രിം കോടതിയും ശരിവച്ചു. പഠനം വഴിമുട്ടിയെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയതോടെ പിന്നീട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. ഈ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിം കോടതിയിലുള്ളത്.
കേസ് പരിഗണിച്ച സുപ്രിം കോടതി കഴിഞ്ഞ തവണ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകണം നല്‍കണമെന്നും തൃപ്തികരമല്ലെങ്കില്‍ ഓര്‍ഡിനന്‍ റദ്ദാക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, ഇന്ന് കേസ് വീണ്ടും സുപ്രിം കോടതിയുടെ പരിഗണനക്കെത്തുമ്പോള്‍ ഈ ഓര്‍ഡിനന്‍സിനെ പിന്തുണക്കുന്ന ബില്‍ നിയമസഭ പാസാക്കിയ സാഹചര്യമാണുള്ളത്. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തിയാണ് തീരുമാനം കൈകൊണ്ടത് എന്ന വിശദീകരണമാകും സര്‍ക്കാര്‍ നല്‍കുക.
ഓഡിനന്‍സ് നീക്കത്തിന് പിന്നില്‍ അഴിമതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, കേസ് സി.ബി.ഐ ക്ക് വിടണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹരജിയും സുപ്രിംകോടതിയുടെ പരിഗണനക്ക് വന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."