താറാവുകള്‍ വീണ്ടും ചത്തൊടുങ്ങുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഹരിപ്പാട്: പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി താറാവുകളുടെ ജീവന്‍ രക്ഷിക്കാമെന്നിരിക്കെ മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥയില്‍ ജില്ലയില്‍ ആയിരക്കണക്കിന് താറാവുകള്‍ ചത്തൊടുങ്ങുന്നു. ചെറുതന ആനാരി താനക്കണ്ടത്തില്‍ ദേവരാജന്റെ 3000ഓളം താറാവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ചത്തത്. 15,000 താറാവുകളെ മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള നിരണം താറാവുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും രണ്ടുമാസം മുന്‍പാണ് വിലയ്ക്ക് വാങ്ങിയത്. ഇവിടെ നിന്നും വാങ്ങിയ താറാവുകളില്‍ മൂവായിരത്തോളം താറാവുകളാണ് ചത്തത്.
ചത്ത താറാവുകളെ തിരുവല്ല മഞ്ഞാടിയിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ലാബില്‍ പരിശോധന നടത്തി രോഗം ബാക്ടീരിയ പടര്‍ത്തുന്ന ഡക്ക് പാസ്റ്റര്‍ല അഥവാ അറ്റാക്ക് രോഗമാണെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം വീയപുരം,മേല്‍പാടം, കരിപ്പുഴ എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. താറാവുകള്‍ ചാകാന്‍ കാരണമെന്തെന്ന് ഇന്നും അജ്ഞാതമാണ്. 2014 നവംബര്‍ 14നാണ് കുട്ടനാട്ടില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തൊടുങ്ങിയത്. വണ്ടാനത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും, തിരുവല്ലയിലെ മഞ്ഞാടിയിലും ചത്ത താറാവുകളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും സംശയത്തെതുടര്‍ന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസ് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ താറാവുകര്‍ഷകര്‍ ഭീതിയിലുമായി. ദേശാടന പക്ഷികളാണ് രോഗ വാഹകരെന്നും കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്തു ദ്രുതകര്‍മ്മ സേനരൂപീകരിക്കുകയും ചെയ്യുകയും രോഗഭാതിതരായ താറാവുകളെ കൂട്ടത്തോടെ കൊല്ലുകയും ചെയ്തിരുന്നു.
നിത്യ വരുമാന മാര്‍ഗമായി കണ്ട് താറാവുവളര്‍ത്തലില്‍ ഏര്‍പ്പെട്ടവര്‍ക്ക് അടിക്കടിയുണ്ടാകുന്ന രോഗങ്ങളാല്‍ താറാവുകള്‍ ചത്തൊടുങ്ങുന്നത് സാമ്പത്തികപ്രതിസന്ധിയ്ക്ക് കാരണമായിട്ടുണ്ട്. ബാങ്ക് വായ്പയും വട്ടി പലിശയും ഉള്ളത്ര വിറ്റു പെറുക്കിയുമാണ് താറാവിനെ വളര്‍ത്തുന്നത്.
മൃഗാശുപത്രികളില്‍ കര്‍ഷകരുടെ പേരുകള്‍ റജിസ്റ്റര്‍ ചെയ്യുക, മുഴുവന്‍ താറാവുകളേയും ഇന്‍ഷ്വുര്‍ ചെയ്യുക, കാലാകാലങ്ങളില്‍ രോഗപ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുക, അടിക്കടി താറാവുകള്‍ക്കുണ്ടാകുന്ന രോഗങ്ങളെപ്പറ്റി കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നടത്തുക, ത്രിതല പഞ്ചായത്തുകള്‍ താറാവുവളര്‍ത്തുന്നതിന് പദ്ധതികള്‍ നടപ്പാക്കുക, പലിശ രഹിത വായ്പ നല്‍കി താറാവു കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നിവ നടപ്പിലാക്കിയാല്‍ മാത്രമേ കര്‍ഷകരുടെ ദുരിതത്തിന് അറുതിവരികയുള്ളൂവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതോടൊപ്പംഇക്കൂട്ടരെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാവശ്യവും ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."