കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ്: ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്, ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം
തിരുവനന്തപുരം: സുപ്രിം കോടതി വിധി സൃഷ്ടിച്ച ആശങ്കയ്ക്കിടയിലും കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് സാധുത നല്‍കാന്‍ നിയമസഭ പാസാക്കിയ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. നിയമ വകുപ്പ് ബില്‍ ഗവര്‍ണര്‍ പി. സദാശിവത്തിന് അയച്ചു. ഗവര്‍ണറുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും ഇനി ബില്ലിന്റെ ഭാവി.
സുപ്രിം കോടതി ഈ വിഷയത്തിലുള്ള ഓര്‍ഡിനന്‍സ് തള്ളിയെങ്കിലും സഭ പാസാക്കിയ ബില്‍ നിലനില്‍ക്കുന്നുണ്ടെന്ന വാദവുമായാണ് സര്‍ക്കാര്‍ ബില്ലിന്‍മേലുള്ള തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നത്. ഓര്‍ഡിനന്‍സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ബില്‍ തയാറാക്കിയതെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
ബുധനാഴ്ച തന്നെ ബില്ലില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഒപ്പുവച്ച് നിയമ വകുപ്പിനു കൈമാറിയിരുന്നു. ബില്‍ പാസായ സാഹചര്യത്തില്‍ പഴയ ഓര്‍ഡിനന്‍സിനു നിലനില്‍പ്പില്ലെന്നും ആ ഓര്‍ഡിനന്‍സ് തള്ളിയത് ബില്ലിനെ ബാധിക്കില്ലെന്നുമുള്ള നിയമോപദേശമാണ് സര്‍ക്കാരിനു നിയമ വകുപ്പില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ഇതു സംബന്ധിച്ച് സംസാരിച്ച ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ ഗവര്‍ണര്‍ക്കു വിടാന്‍ തീരുമാനിക്കുകയായിരുന്നു. ബില്ലില്‍ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്നും അതുകൊണ്ട് ബില്ലുമായി മുന്നോട്ടുപോകുന്നതില്‍ തെറ്റില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
സുപ്രിം കോടതി വിധിക്കതിരേ സംസ്ഥാന സര്‍ക്കാരിനു വേണമെങ്കില്‍ പുനഃപരിശോധനാ ഹരജി നല്‍കാം. എന്നാല്‍ അതിനും സാധ്യത കുറവാണ്. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഈ സൂചന നല്‍കുന്നുണ്ട്. ഗവര്‍ണര്‍ ബില്‍ അംഗീകരിക്കുമെങ്കില്‍ അതാവട്ടെ എന്നും തിരിച്ചയച്ചാല്‍ അതുമായി ബന്ധപ്പെട്ട് മറ്റു നടപടികളിലേക്കു നീങ്ങേണ്ടതില്ലെന്നുമുള്ള നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക എന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."