കരുണയും കണ്ണൂരും നല്‍കുന്ന സന്ദേശം
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും സുപ്രീംകോടതി ഇടപെടലും അതിനെ മറികടക്കാന്‍ നിയമസഭ കാണിക്കുന്ന ഗിമ്മിക്കുകളും നല്‍കുന്ന സന്ദേശം വളരെ വലുതാണ്. ഒരു വിദ്യാഭ്യാസം നേരാംവണ്ണം നേടിയതാണെങ്കില്‍ അത് ആ വ്യക്തിയെ സംരക്ഷിച്ചുകൊള്ളും. എന്നാല്‍, അത് വ്യാജമാണെങ്കില്‍ അതിനെ സംരക്ഷിക്കാന്‍ അവന്‍ പാട്‌പെടേണ്ടി വരും.
സ്വാശ്രയ മെഡിക്കല്‍ കച്ചവടത്തിന് കടിഞ്ഞാണിടുന്നതിനാണ് സുപ്രീംകോടതി ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് നടപ്പാക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പരീക്ഷയിലൂടെയുള്ള പ്രവേശനത്തില്‍ മെറിറ്റും സംവരണവും അട്ടിമറിക്കപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണ്ടെന്ന 2013 ലെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി പൊതു പരീക്ഷ നടത്താന്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തും നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രവേശനം സുതാര്യമായിരിക്കണമെന്നും തലവരി വാങ്ങരുതെന്നും നല്‍കരുതെന്നും പ്രവേശന പരീക്ഷ മേല്‍നോട്ട സമിതി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.എന്നാലിത് അട്ടിമറിക്കപ്പെട്ടു.
സുപ്രീംകോടതിയില്‍ പോയെങ്കിലും മാനേജ്‌മെന്റിന്റെ ആവശ്യം അംഗീകരിച്ചില്ല. ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിച്ച് നടത്തിയ പ്രവേശനത്തിലും കൃത്രിമത്വം കാണിച്ചത് തെളിഞ്ഞതോടെ മേല്‍നോട്ട സമിതി പ്രവേശനം വീണ്ടും റദ്ദാക്കി. ആരോഗ്യ സര്‍വകലാശാലയും നടപടി സ്വീകരിച്ചു. വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി.
നീറ്റിന്റെ ലക്ഷ്യത്തെ തന്നെ സംസ്ഥാനത്ത് അട്ടിമറിച്ചാണ് കണ്ണൂര്‍ അഞ്ചരക്കണ്ടിയും പാലക്കാട് കരുണ മെഡിക്കല്‍ കോളജും തലവരി വാങ്ങി പ്രവേശനം നടത്തിയത്. നാല്‍പത്തിയഞ്ച് ലക്ഷം രൂപ വരെ തലവരി വാങ്ങിയെന്ന് മേല്‍നോട്ട സമിതി കണ്ടെത്തിയിട്ടുണ്ട്. നീറ്റ് നിയമം അതിനുള്ളതായിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കിയ നടപടി ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.
കച്ചവടം നടന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടും മെറിറ്റുള്ള കുട്ടികളുടെ സീറ്റ് തട്ടിയെടുത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കിയത് ശരിയല്ല. അന്യന്റെ അവകാശം പണം നല്‍കി വാങ്ങിയവരെ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കി കാവല്‍ നില്‍ക്കുന്ന പ്രവണത ഒട്ടും നന്നല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."