പരീക്ഷ കഴിഞ്ഞു ഇനി?
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ കഴിഞ്ഞു. വിനോദത്തിനും വിശ്രമത്തിനും വിരുന്നു പോക്കിനുമൊക്കെയായി ഇനി വെക്കേഷന്‍! അതിനിടയില്‍ നമുക്ക് ഭാവി കാര്യങ്ങള്‍ രൂപപ്പെടുത്താന്‍ കൂടി സമയം കണ്ടെത്താം. തുടര്‍ന്ന് എന്ത് പഠിക്കണമെന്നും എവിടെ ചേരണമെന്നും ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും തീരുമാനങ്ങളെടുക്കാനും കൂടിയുള്ള സമയമാണ് വെക്കേഷന്‍.
ജീവിതത്തിലെ നിര്‍ണായക നിമിഷമാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു കാലം. സ്വഭാവവും വ്യക്തിത്വവും രൂപപ്പെടുന്നത് പോലെ നമ്മുടെ കരിയര്‍ കൂടി രൂപപ്പെടുത്തുന്നത് ഈ സമയത്തെടുക്കുന്ന തീരുമാനങ്ങളാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകള്‍ ചിന്തിച്ചും ചര്‍ച്ച ചെയ്തും ആയാല്‍ മാത്രമേ ജീവിതവും ജീവിതോപാധിയും മികച്ചതും സംതൃപ്തവുമാകൂ.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ കാലത്ത് ഉന്നത പഠനം കരിയര്‍ ഓറിയന്റഡായിക്കഴിഞ്ഞു. പത്താം ക്ലാസിനു ശേഷം തെരഞ്ഞെടുക്കുന്ന കോഴ്‌സുകളും തീരുമാനങ്ങളുമാണ് നമ്മുടെ സാധ്യതകള്‍ നിശ്ചയിക്കുന്നത്.
സ്‌കൂള്‍ കാലം കഴിഞ്ഞുള്ള പഠനം തെരഞ്ഞെടുക്കുമ്പോള്‍ പല ഘടകങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ആസൂത്രണമില്ലാത്ത ഉന്നത പഠനം ഗോള്‍ പോസ്റ്റില്ലാത്ത ഫുട്‌ബോള്‍ കളി പോലെയായിരിക്കും. ഈ കാര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ഒരുമിച്ചിരുന്നാണ് തീരുമാനങ്ങളെടുക്കേണ്ടത്.
രക്ഷിതാക്കളുടെ ഇഷ്ടത്തെക്കാളും കുട്ടിയുടെ അഭിരുചിക്കും പഠന ശേഷിക്കും തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. കണക്ക് ബാലികേറാമലയായ കുട്ടിയെ എന്‍ജിനീയറാക്കാനും ചിത്രകലയില്‍ വാസനയില്ലാത്തയാളെ കമേഴ്‌സ്യല്‍ ആര്‍ടിസ്റ്റക്കാനും തുനിഞ്ഞാല്‍ വിപരീത ഫലമേയുണ്ടാകൂ.
അഭിരുചി
നാമോരോരുത്തരും വ്യതിരിക്തവും വ്യത്യസ്തവുമായ കഴിവുകള്‍ കൊണ്ട് സമ്പന്നമാണ്. ഓരോ വ്യക്തിയെയും അതുല്യമാക്കുന്ന ആ ഗുണങ്ങള്‍ തിരിച്ചറിയുകയാണ് വേണ്ടത്. ഏതു വ്യക്തിയിലും കാണും ഏതെങ്കിലുമൊരു വിഷയത്തില്‍ വാസന. എത്ര വികൃതമെന്നു തോന്നുന്ന കരിങ്കല്ലിലും മനോഹരമായ ശില്‍പം അടങ്ങിയിട്ടുണ്ടെന്നതില്‍ സംശയമില്ല. അതു കണ്ടെത്താന്‍ സൂക്ഷ്മ നിരീക്ഷണത്തിലൂടെ നമുക്ക് സാധിക്കും.
ഏതു പ്രഫഷനാണ് യോജിച്ചതെന്നു തീരുമാനിക്കാന്‍ കുട്ടിയുടെ വ്യക്തിത്വ ഗുണങ്ങള്‍ വിശകലനം ചെയ്തു നോക്കാം. കണക്കില്‍ മികവ്, സാമൂഹിക ബന്ധങ്ങള്‍ ഉണ്ടാക്കാനും നിലനിര്‍ത്താനുമുള്ള കഴിവ്,
നിരീക്ഷണവിശകലന താല്‍പര്യം,യാന്ത്രിക ജോലിയോടുള്ള ജന്മവാസന, സാഹസികതയോടുള്ള അഭിനിവേശം, സര്‍ഗാത്മകത തുടങ്ങി വ്യത്യസ്തമായ ഗുണങ്ങളില്‍ ഏതെങ്കിലും ഓരോരുത്തരിലും ഉണ്ടാകും. അത് കണ്ടെത്തി പരിപോഷിപ്പിക്കാനുതകുന്ന കോഴ്‌സുകളാണ് തെരഞ്ഞെടുക്കേണ്ടത്.
പഠന ശേഷി
ഒരു പ്രത്യേക മേഖലയില്‍ അഭിരുചിയുണ്ടായാലും ചിലപ്പോള്‍ ആ മേഖലയില്‍ ഉന്നത പഠനം സാധ്യമാകണമെന്നില്ല. ഇലക്ട്രോണിക്‌സില്‍ താല്‍പര്യമുള്ളയാള്‍ക്ക് കണക്കില്‍ അഭിരുചിയില്ലെങ്കില്‍ ഇലക്ട്രോണിക്‌സില്‍ ബിരുദ പഠനം ബുദ്ധിമുട്ടാകും.
ഇത്തരക്കാര്‍ക്ക് മറ്റു കോഴ്‌സുകളിലൂടെ ഇലക്ട്രോണിക് മേഖലയില്‍ ജോലി ചെയ്യാന്‍ സാധിക്കും. അഭിരുചിയുള്ള മേഖലയില്‍ ഏതു രീതിയിലുള്ള പഠനവും കോഴ്‌സുമാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നമ്മുടെ പഠന ശേഷി കൂടി പരിശോധിച്ചിട്ടാവണം.
പശ്ചാത്തലം
കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലം ഒരളവു വരെ സ്‌കോളര്‍ഷിപ്പുകളിലൂടെയും മറ്റും പരിഹരിക്കാന്‍ കഴിയുമെങ്കിലും അതിന്റെ സാധ്യതയും ലഭ്യതയും നന്നായി പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. തികഞ്ഞ ഇഛാ ശക്തിയും ആത്മാര്‍ഥമായ ശ്രമവും ഉണ്ടെങ്കില്‍ കുടുംബത്തിന്റെ സാമൂഹ്യ പശ്ചാത്തലങ്ങളെ മറികടന്നു ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കും. എന്നാല്‍, മൈനിങ് പോലെയുള്ള ചില കോഴ്‌സുകള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാണ്.
സാധ്യത
കഴിവുണ്ടെങ്കില്‍ ഏതു ജോലിയിലും അവസരങ്ങള്‍ ഉണ്ടാകും. എങ്കിലും മാറുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സാധ്യമാവുന്ന രീതിയിലുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ മാറുന്നവര്‍ക്കു മാത്രമേ ഏതു മേഖലയിലും പിടിച്ചു നില്‍ക്കാനാവൂ. ഏതു ജോലി ചെയ്യുന്നു എന്നല്ല; അത് എങ്ങനെ ചെയ്യുന്നു എന്നതാണ് നമ്മുടെ സാധ്യത വര്‍ധിപ്പിക്കുന്നതും ഇല്ലാതാക്കുന്നതും. യോഗ്യത നേടിയവര്‍ പെരുകുന്നുണ്ടെങ്കിലും പുതിയ തൊഴിലവസരങ്ങളും രൂപപ്പെടുന്നുണ്ടെന്നോര്‍ക്കുക. അവ ബുദ്ധിപൂര്‍വം പ്രയോജനപ്പെടുത്താന്‍ വേണ്ട ശ്രമമുണ്ടാവണം.
പടവുകള്‍
നേടിയെടുക്കേണ്ട ജോലിയും പഠിക്കേണ്ട കോഴ്‌സും തീരുമാനിച്ചു കഴിഞ്ഞാല്‍ അതിലേക്കെത്തിച്ചേരാനുള്ള പടവുകള്‍ വ്യക്തമായി മനസ്സിലാക്കണം. ആ മേഖലയില്‍ കഴിവുതെളിയിച്ചവരെ പരിചയപ്പെടുന്നതും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഉപകാരപ്പെടും. ഉന്നതമായ ലക്ഷ്യത്തിലേക്കുള്ള ചെറിയ പടവുകള്‍ വ്യക്തതയോടും ആത്മാര്‍ഥതയോടെയുമാണെങ്കില്‍ മാത്രമേ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുകയുള്ളൂ. ലക്ഷ്യത്തോടെയുള്ള പഠനം രസകരവും ആനന്ദകരവുമായിത്തീരും. ഏകാഗ്രത കൈവിടാതെ ആത്മവിശ്വാസത്തോടെ ഓരോ പടവുകളും സൂക്ഷിച്ചു മുന്നേറുക.
കേവലം ഒരു ജോലിയല്ല; സംതൃപ്തി നല്‍കുന്ന കരിയര്‍ ആകണം ലക്ഷ്യം. അത് നേടിയെടുക്കാനുള്ള കോഴ്‌സാണ് ഉന്നത പഠനത്തിനു നാം തെരഞ്ഞെടുക്കേണ്ടത്. അടുത്ത അഞ്ചു കൊല്ലം കഴിയുമ്പോള്‍; പത്തു കൊല്ലം കഴിയുമ്പോള്‍ എവിടെ എത്തിച്ചേരും എന്ന് കൃത്യമായ ധാരണ ഉണ്ടാവണം. സ്വപ്നങ്ങളാണ് ചിന്തകളിലേക്ക് നയിക്കുക; ചിന്തകള്‍ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തും. സ്വപ്നങ്ങളില്ലെങ്കില്‍ ചിറകില്ലാത്ത പക്ഷികളാകും. അനന്തമായ ആകാശത്തിലേക്ക് പറന്നുയരാന്‍ സ്വപ്നങ്ങള്‍ ഊര്‍ജം നല്‍കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."