ദലിതര്‍ക്ക് നേരെ തുടരുന്ന ആക്രമണങ്ങള്‍ സവര്‍ണ അങ്കലാപ്പില്‍ നിന്ന്
ഏപ്രില്‍ 2ന് ദേശീയതലത്തില്‍ ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച് ആക്രമണങ്ങളിലും വെടിവയ്പിലും കലാശിച്ചത് കേവലം യാദൃച്ഛികമല്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടന്ന ദലിത് മാര്‍ച്ചിന് നേരെ ആക്രമണവും വെടിവയ്പും ഉണ്ടായതിനെത്തുടര്‍ന്ന് ഒരു പൊലിസുകാരന്‍ ഉള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഏറിയ പങ്കും ദലിതരായിരുന്നു. രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ഹിന്‍ഡോണില്‍ ദലിത് വിഭാഗക്കാരായ എം.എല്‍.എയുടെയും മുന്‍ എം.എല്‍.എയുടെയും വീടുകള്‍ ചുട്ട് ചാമ്പലാക്കി. മധ്യപ്രദേശിലാണ് ഏറെയും പേര്‍ കൊല്ലപ്പെട്ടത്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പ്രക്ഷോഭകര്‍ക്ക് നേരെ രാജേന്ദ്രസിങ് ചൗഹാന്‍ എന്ന ബി.ജെ.പി നേതാവ് നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാന്‍ പൊലിസ് നിര്‍ബന്ധിതമാവുകയായിരുന്നു. അതിന് മുമ്പെ ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ദേശീയ പട്ടികജാതി- വര്‍ഗ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു. പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രിംകോടതി ബെഞ്ചിന്റെ വിവാദ വിധിയില്‍ പ്രതിഷേധിച്ചായിരുന്നു ദലിത് സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. എന്നാല്‍, തങ്ങള്‍ നിയമം ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും നിയമത്തെ ദുരുപയോഗപ്പെടുത്തുന്നതിനെതിരേ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കുകയും ചെയ്തു.
ദലിതര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ അടുത്ത കാലത്തായി വ്യാപക ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന വസ്തുത നിസാരമായി കാണാനാവുകയില്ല. പൂനെയില്‍ ദലിതര്‍ സംഘടിപ്പിച്ച ഭീമ-കൊറെഗാവ് യുദ്ധ വാര്‍ഷികത്തിന് നേരെയും വ്യാപകമായ ആക്രമണമായിരുന്നു മറാത്ത സവര്‍ണര്‍ നടത്തിയത്. കഴിഞ്ഞ 199 വാര്‍ഷികാചരണങ്ങളും ഒരു കുഴപ്പവുമില്ലാതെ നടക്കുകയും ഇരുനൂറാം വാര്‍ഷികം മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടന്നപ്പോള്‍ അതിനെതിരെ നടത്തിയ വ്യാപക ആക്രമണം സവര്‍ണരുടെ അങ്കലാപ്പില്‍ നിന്നുണ്ടായതാണെന്ന് വേണം കരുതാന്‍.
ഈ വാര്‍ഷികാചരണത്തിന്റെ തൊട്ടുമുമ്പ് ഡിസംബറിലായിരുന്നു ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിക്ക് നിസ്സാര വോട്ടുകളുടെ ഭൂരിപക്ഷമാണ് കിട്ടിയത്. ദലിതരുടെ യുവ നേതാവായി വളര്‍ന്നുകൊണ്ടിരിക്കുന്ന ജിഗ്നേഷ് മേവാനി ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയെ തോല്‍പിച്ചതും സവര്‍ണരുടെ നെഞ്ചിടിപ്പ് കൂട്ടി. പശുവിന്റെ തൊലിയുരിച്ചു എന്നാരോപിച്ച് ഗുജറാത്തിലെ ജാതി ഹിന്ദുക്കള്‍ ദലിത് യുവാക്കളെ കൂട്ടംചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ദലിതര്‍ ഉണരാന്‍ തുടങ്ങിയത്. ഗുജറാത്തിലെ നേരിയ വിജയമാണ് ദലിതര്‍ക്ക് നേരെ വ്യാപകമായ ആക്രമണത്തിന് തുനിയാന്‍ ബി.ജെ.പിയിലെ സവര്‍ണരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ആവര്‍ത്തനമാണിപ്പോള്‍ ഭാരത് ബന്ദിന് നേരെ നടന്ന ആക്രമണവും.
നിരപരാധികളെ ശിക്ഷിക്കാന്‍ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്നും ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ദലിത് പീഡന പരാതികളില്‍ അറസ്റ്റ് പാടുള്ളൂ എന്നും ജാമ്യമില്ലാ വകുപ്പുകള്‍ ഇതിനായി ദുരുപയോഗപ്പെടുത്തരുതെന്നുമായിരുന്നു മാര്‍ച്ച് 20ന് സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍. വിശദമായ വാദം പത്ത് ദിവസത്തിന് ശേഷം കേള്‍ക്കാമെന്നും സുപ്രിംകോടതി പറഞ്ഞിരുന്നു.എന്നാല്‍, ദലിതരുടെ സുരക്ഷയെ ബാധിക്കുന്ന നിയമം ദുര്‍ബലപ്പെടുത്തിയെന്ന ആശങ്കയെത്തുടര്‍ന്നാണ് അവര്‍ ഭാരത് ബന്ദ് നടത്തിയതും ദേശ വ്യാപകമായി പ്രക്ഷോഭം നടത്തിയതും. എന്തിന്റെ പേരിലായാലും ദലിതര്‍ക്ക് നേരെ സംഘടിതാക്രമണം നടത്തുക എന്നത് ബി.ജെ.പി നയമായി സ്വീകരിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. മാസങ്ങള്‍ക്കിടയില്‍ നടന്ന രണ്ട് ആക്രമണങ്ങളെയും വിലയിരുത്തുമ്പോള്‍ ഇതാണ് മനസ്സിലാകുന്നത്. ദലിത് പ്രക്ഷോഭത്തിന്റെ തീക്ഷ്ണത ബോധ്യപ്പെട്ട ബി.ജെ.പി സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കിയെങ്കിലും കോടതി ഇടപെട്ടില്ല. ഉത്തരവ് പട്ടികജാതി-വര്‍ഗക്കാര്‍ക്ക് എതിരല്ലെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ മാത്രമാണെന്നും കോടതി വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, സുപ്രിംകോടതി വിധി ദലിതരുടെ സുരക്ഷയെ ബാധിക്കുന്നതാണെന്ന ധാരണ അവര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്താകമാനം സംഘടിതമായ ആക്രമണങ്ങള്‍ ദലിതര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുമ്പോള്‍ കോടതിയില്‍ നിന്നുണ്ടാകുന്ന ഏതൊരു പരാമര്‍ശങ്ങളും അവരില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ടാകണം. സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ത്തുവെന്ന ആശങ്കയാണ് അവര്‍ പങ്കുവയ്ക്കുന്നത്. നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അവര്‍ കരുതുന്നു.
ഭരണഘടനയും നിയമവ്യവസ്ഥയും ദലിതര്‍ക്ക് സുരക്ഷിതത്വവും അവസര സമത്വവും ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ഭരണകൂടങ്ങള്‍ അതൊന്നും നടപ്പാക്കുന്നില്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍ യാതൊരുവിധത്തിലുള്ള വിവേചനവും പാടില്ലെന്ന രാജ്യത്തിന്റെ അടിസ്ഥാന നയം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ പശ്ചാതലത്തില്‍ വന്ന സുപ്രിംകോടതി വിധി അവരില്‍ വേവലാതിയുളവാക്കുന്നുണ്ടെങ്കില്‍ അവരെയെങ്ങനെ കുറ്റപ്പെടുത്താനാകും. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഏതൊരു ഇന്ത്യന്‍ പൗരനുമുണ്ട്. അതിന് വേണ്ടിയാണ് ദലിതര്‍ പോരാടിക്കൊണ്ടിരിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."