മേജര്‍ മനോജ് കുമാറിന് കണ്ണീരോടെ വിട
തിരുവനന്തപുരം: പുല്‍ഗാവിലെ ആയുധ സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച മേജര്‍ മനോജ് കുമാറിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. സൈനികരും നാട്ടുകാരും ബന്ധുക്കളുമായി നൂറ് കണക്കിനാളുകള്‍ മേജര്‍ മനോജിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
തുറന്ന സൈനിക ട്രക്കില്‍ അനേകം പട്ടാള വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ എത്തിയതോടെ മനോജിന്റെ മാതാവ് ഭാരതിയുടെ നിലവിളിയുയര്‍ന്നു. മകനെ അവസാനമായി ഒരു നോക്കു കാണാന്‍ പോലുമാകാതെ അലമുറയിട്ട വൃദ്ധ മാതാവിന്റെ ദു:ഖം ചടങ്ങിനെത്തിയവരിലേക്കും പടര്‍ന്നു. തൈക്കാട് ശാന്തി കവാടത്തിലെ കാഴ്ചകളും കരളലിയിക്കുന്നതായിരുന്നു.
പട്ടാളക്കാരന്റെ ഭാര്യ എന്ന ബോധ്യത്തോടെ ധൈര്യം സംഭരിച്ച് നിന്ന ബീനയും മകന്റെ കരച്ചിലിന് മുമ്പില്‍ തകര്‍ന്നു പോയി. സംസ്‌കരിക്കാനെടുക്കുമ്പോള്‍ സൈനികര്‍ സല്യൂട്ട് നല്‍കുന്നത് കണ്ടപ്പോള്‍ ബീന മകന്‍ വേദാന്തിനോട് അച്ഛന് സല്യൂട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. അച്ഛന്റെ മൃതശരീരത്തിനു മുന്നില്‍നിന്നു സല്യൂട്ട് ചെയ്തു കൊണ്ട് ''മേജര്‍ മനോജ് അമര്‍ രഹേ'' എന്ന് വേദാന്ത് ചൊല്ലിയപ്പോള്‍ കണ്ടു നിന്നവരുടെ കണ്ണ് നനഞ്ഞു. അച്ഛന്‍ ഒരിക്കലും മടങ്ങിവരില്ലെന്ന തിരിച്ചറിവിലാകണം ഇടയ്ക്ക് അവന്‍ വിങ്ങിപ്പൊട്ടി. അതുവരെ പിടിച്ചുനിന്ന പലരുടേയും കണ്ണുകള്‍ ഈ ദൃശ്യംകണ്ട് ഈറനണിഞ്ഞു. അമ്മയും മകനും ചേര്‍ന്ന് മൃതദേഹത്തില്‍ പുതപ്പിച്ചിരുന്ന ദേശീയ പതാക ഏറ്റുവാങ്ങിയതും വികാരനിര്‍ഭരമാണ മറ്റൊരു സന്ദര്‍ഭമായി.
അച്ഛന്റെ ജോലിസ്ഥലത്ത് അപകടമുണ്ടായ വാര്‍ത്തയറിഞ്ഞെങ്കിലും അച്ഛന് ആപത്ത് പറ്റിയെന്ന് മകന്‍ ആദ്യം അറിഞ്ഞിരുന്നില്ല. അപകട വിവരമറിഞ്ഞ് തന്നെ അപ്പൂപ്പന്റെയുടത്ത് ഏല്‍പ്പിച്ച് അമ്മ മഹാരാഷ്ട്രയിലേക്ക് പോയപ്പോഴും കാര്യങ്ങള്‍ പൂര്‍ണമായി അവനോട് ആരും പറഞ്ഞില്ല. അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മുമ്പായാണ് സമ്മാനങ്ങളുമായി അച്ഛന്‍ ഇനി വരില്ലെന്ന കാര്യം വേദാന്തറിയുന്നത്.
മഹാരാഷ്ട്രയില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ഥിയായ വേദാന്ത് അവധിക്കാലമായതിനാല്‍ നാട്ടിലായിരുന്നു. തിങ്കളാഴ്ച രാത്രി വിളിച്ചപ്പോഴും അച്ഛനോട് ഏറെ നേരം സംസാരിച്ചിരുന്നു. നാട്ടില്‍ വരുമ്പോള്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കും വാങ്ങിക്കൊണ്ടു വരേണ്ട സാധനങ്ങളെ പറ്റിയായിരുന്നു ഏറെ നേരം സംസാരിച്ചത്. എല്ലാം കൊണ്ടു വരാമെന്ന് അച്ഛന്‍ സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ വിധി കവര്‍ന്നത് ഈ കുരുന്നിന്റെ ആഗ്രഹങ്ങളും അച്ഛന്റെ വാഗ്ദാനങ്ങളുമെല്ലാമായിരുന്നു.
ആറു മാസം മുമ്പ് തങ്ങളെ കണ്ടു തിരിച്ചുപോയ മകന്റെ വിയോഗവാര്‍ത്തയറിഞ്ഞപ്പോള്‍ മുതല്‍ ഉള്ളിലെ വിഷമം പുറത്ത് കാട്ടാനാകാതെ വീട്ടിലെത്തിയവരോടും സംസ്‌കാരത്തിനെത്തിയവരോടുമെല്ലാം മകനെപ്പറ്റി അഭിമാനത്തോടെ സംസാരിക്കുകയായിരുന്നു മനോജ് കുമാറിന്റെ അച്ഛന്‍ എന്‍.കൃഷ്ണന്‍. സ്വദേശം ആലപ്പുഴ കാര്‍ത്തികപ്പള്ളിയാണെങ്കിലും മകനെ തിരുവനന്തപുരത്ത് സംസ്‌കരികണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. പാലക്കാട് കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷനിലെ സര്‍വീസ് എന്‍ജിനീയറായിരുന്ന കൃഷ്ണന്‍ ഒമ്പതുവര്‍ഷമായി തലസ്ഥാനത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
രാഷ്ടീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മനോജ്കുമാറിന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, ഡി.സി.സി വൈസ്പ്രസിഡന്റ് കാവല്ലൂര്‍ മധു, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍, നേമം എം.എല്‍.എ ഒ.രാജഗോപാല്‍, ബി.ജെ.പി. നേതാവ് വി. മുരളീധരന്‍, നടനും എം.പിയുമായ സുരേഷ്‌ഗോപി, മുതിര്‍ന്ന സി.പി.എം നേതാവ് എം.വിജയകുമാര്‍ തുടങ്ങി നിരവധി പേര്‍ ധീരജവാന് അന്ത്യോപചാരമര്‍പ്പിച്ചു. കൂടാതെ സ്വന്തം നാടായ ചിങ്ങോലിയില്‍ നിന്നും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിവിധ റാങ്കിലുള്ള പട്ടാള മേധാവികളും മനോജിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സി.പിഎം.സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണനും കഴിഞ്ഞദിവസം മനോജിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."