കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് ബന്ദ് തമിഴ്‌നാടിനെ നിശ്ചലമാക്കി
ചെന്നൈ: കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് തമിഴ്‌നാടിനെ നിശ്ചലമാക്കി. ബന്ദിനെ തുടര്‍ന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ചെന്നൈ നഗരത്തില്‍ റാലി നടത്തി. പൊലിസ് നിര്‍ദേശം അവഗണിച്ച് റാലി നടത്തിയതിന് സ്റ്റാലിനെ പിന്നീട് അറസ്റ്റ് ചെയ്തു. മറീന ബീച്ചിലെ അണ്ണാ മെമ്മോറിയലില്‍ നിന്നാണ് റാലി തുടങ്ങിയത്. ബന്ദിനെ തുടര്‍ന്ന് സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് സര്‍വിസുകള്‍ പൂര്‍ണമായും റദ്ദാക്കി. ക്രമസമാധാന പാലനത്തിന് വ്യാപകമായി പൊലിസിനെ വിന്യസിച്ചിരുന്നു.
അതിനിടയില്‍ തമിഴ്‌നാടിന് പിന്നാലെ കര്‍ണാടകയിലും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാസം 12ന് നടക്കുന്ന ബന്ദ് കന്നഡ ചലാവലി വട്ടാല്‍ പക്ഷമാണ് പ്രഖ്യാപിച്ചത്. ഇന്നലെ ബംഗളൂരുവിലാണ് പാര്‍ട്ടി പ്രസിഡന്റ് വട്ടാല്‍ നാഗരാജ് ബന്ദ് വിവരം അറിയിച്ചത്. രജനികാന്ത്, കമല്‍ ഹാസന്‍ എന്നിവരുടെ ചിത്രങ്ങള്‍ കന്നഡയില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്നും അദ്ദേഹം അറിയിച്ചു. മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് രജനിയും കമലും വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് വട്ടാല്‍ നാഗരാജിന്റെ പ്രതികരണം. കാവേരി നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നടത്തുന്നത് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."