സംസ്ഥാന സഹകരണ ബാങ്കിന് ചരിത്രനേട്ടമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിന് ചരിത്രനേട്ടമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ബാങ്കിന്റെ ഓഹരി മൂലധനം 678.74 കോടി രൂപയാണ്.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ബാങ്കിന് ഉണ്ടായിരുന്ന സഞ്ചിതനഷ്ടം 341.34 കോടിരൂപയാണ്. ഈ മാര്‍ച്ച് 31ന് സഞ്ചിതനഷ്ടം 341.34 കോടി രൂപയില്‍ നിന്നും 158.96 കോടി രൂപയിലേയ്ക്ക് കുറയ്ക്കുവാന്‍ സാധിച്ചു. സംസ്ഥാന സഹകരണ ബാങ്കിന്റെ ചരിത്രത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ മേഖലകളിലും ഗണനീയമായ നേട്ടം കൈവരിക്കുവാന്‍ ബാങ്കിന് സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ നിക്ഷേപം 1,331 കോടി രൂപ വര്‍ധിച്ച് 8,005 കോടിയിലെത്തി. നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിന് നിക്ഷേപ സമാഹരണ യജ്ഞം സഹായകമായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നിക്ഷേപത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനവ് ഈ വര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3698.62 കോടി രൂപയുടെ വായ്പ നല്‍കി. 31ലെ വായ്പാ ബാക്കി നില്‍പ് തുക 5553.59 കോടി രൂപയാണ്. ബാങ്ക് നല്‍കിയ വായ്പകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഈവര്‍ഷം 20 ശതമാനത്തിന്റെ വര്‍ധനവുണ്ട്. ആദായനികുതി നല്‍കുന്നതിന് മുമ്പുള്ള ബാങ്കിന്റെ ലാഭം സര്‍വകാല റെക്കാര്‍ഡായ 148.00 കോടി രൂപയാണ്. ആദായ നികുതി കഴിച്ചിട്ടുള്ള ഈ വര്‍ഷത്തെ പ്രവര്‍ത്തനലാഭം 114.00 കോടി രൂപയാണ്.
നടപ്പു സാമ്പത്തികവര്‍ഷം കേരള ബാങ്ക് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റിസര്‍വ് ബാങ്ക് തലത്തില്‍ ഇതിനായുള്ള അനുമതി സംബന്ധിച്ച കാര്യങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സഹകരണ ബാങ്ക് പാര്‍ട് ടൈം അഡ്മിനിസ്‌ട്രേറ്റര്‍ വി സനല്‍കുമാര്‍, മാനേജിങ് ഡയറക്ടര്‍ ഇ ദേവദാസ്, ചീഫ് ജനറല്‍ മാനേജര്‍ കെ.സി സഹദേവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."