ചവറ ലഹരിമാഫിയയുടെ പിടിയില്‍
ചവറ: കഞ്ചാവ് ലഹരിമാഫിയയുടെ പ്രവര്‍ത്തനം ചവറയില്‍ സജീവമാകുന്നു. പൊലിസിന്റെയും ഏക്‌സൈസിന്റെയും സുരക്ഷാവലയം ഭേദിച്ചാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം. സ്‌കൂളുകളും കോളജുകളും അടക്കമുള്ള ചവറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നത്.
യുവാക്കളും കൗമാരക്കാരായ വിദ്യാര്‍ഥികളുമാണ് ലഹരി മാഫിയയുടെ പ്രധാന ഇരകള്‍. ലഹരി മിഠായികള്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ വഴി വില്‍പന നടത്തിയാണ് വിദ്യാര്‍ഥികളെ ലഹരി ഉപയോഗത്തിലേക്ക് ഇവര്‍ ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് കഞ്ചാവിലേക്കും ലഹരി ഗുളികകളിലേക്കും ഇവര്‍ വഴിമാറുന്നു. കഞ്ചാവിന് അടിമപെട്ട വിദ്യാര്‍ഥികളെ ഉപയോഗിച്ച് കൂടുതല്‍ ആളുകളെ ലഹരി ഉപയോഗത്തിലേക്ക് ഏത്തിക്കുന്നതാണ് ഇവരുടെ പ്രധാന രീതി.
മത്സ്യകച്ചവടക്കാരന്റെയും ഭിക്ഷാടകന്റെയും ഐസ് കച്ചവടക്കാരന്റെയും ലോട്ടറി വില്‍പന ക്കാരന്റെയും വേഷങ്ങളില്‍ കറങ്ങി നടന്നാണ് ഇവര്‍ ലഹരിഗുളികകള്‍ വില്‍പന നടത്തുന്നത്. സ്റ്റിക്കര്‍ രൂപത്തിലുള്ള ലഹരികളും കഞ്ചാവ് ഉപയോഗിക്കുന്നതിന് ആവിശ്യമായ ഉപകരണങ്ങളും ഇവരുടെ പക്കല്‍ സുലഭമാണ്. നീണ്ടകര ഹാര്‍ബര്‍ പരിസരവും സുനാമി കോളനിയും ചവറയിലെ വിജനമായ പല സ്ഥലങ്ങളും കഞ്ചാവ് ലഹരി മാഫിയയുടെ പ്രധാന വിപണന കേന്ദ്രമാണെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എക്‌സൈസിന്റെ നേതൃത്വത്തില്‍ ചവറയുടെ വിവിധ ഭാഗങ്ങളിലും കരുനാഗപ്പളളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും നടന്ന റെയ്ഡില്‍ കഞ്ചാവും തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലേയും കഞ്ചാവിന്റെ പ്രധാന വിതരണക്കാരനെയും സഹായിയേയും പിടികൂടിയിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നാലാം തവണയാണ് കഞ്ചാവിന്റെ വന്‍ ശേഖരം പിടികൂടുന്നത്. ഇങ്ങനെ നിരവധി റെയ്ഡുകള്‍ പൊലിസിന്റെയും ഏക്‌സൈസിന്റെയും നേതൃത്വത്തില്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും പ്രദേശം ലഹരിമാഫിയായുടെ പിടിയിലാണ്. വിദ്യാര്‍ഥികളെ ലഹരി ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച സേഫ് കാംപസ്-ക്ലീന്‍ കാംപസ് പദ്ധതി തുടക്കത്തില്‍ത്തന്നെ പാളിയതിനാല്‍ ഫലം കണ്ടില്ല.മദ്യപിച്ചാല്‍ മണംകൊണ്ട് പിടിക്കപെടുമെന്ന് ഭയമുള്ളതിനാല്‍ കഞ്ചാവിന്റെ ഉപയോഗത്തിലേക്ക് കൂടുതല്‍ കൗമാരക്കാരും യുവാക്കളും എത്തുന്നു.
മദ്യം വാങ്ങുന്ന തുകയേക്കാള്‍ കുറച്ച് ചിലവഴിച്ചാല്‍ ഒന്നിലധികം പേര്‍ക്ക് കഞ്ചാവ് വാങ്ങി ഉപയോഗിക്കാനാകുമെന്നതും ഇവരെ ആകര്‍ഷിക്കുന്നു. മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് കാന്‍സറിനും മറ്റുമായി നല്‍കുന്ന ഗുളികള്‍ അനധികൃതമായി ലഹരിക്കായി വിറ്റുവരുന്നതായും പരാതിയുണ്ട്.
ഡോക്ടറുടെ കുറിപ്പോടെ മാത്രമേ ഇത്തരത്തിലുള്ള മരുന്ന് നല്‍കാവുയെന്ന കര്‍ശന നിയമം കാറ്റില്‍പറത്തിയാണ് വന്‍ ലാഭം മുന്നില്‍ക്കണ്ട് ചില മെഡിക്കല്‍ ഷോപ്പുകള്‍ ഇത്തരത്തില്‍ മരുന്നുകള്‍ വിലകൂട്ടി വില്‍പന നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."